Uncategorized

നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും; തീരുമാനമറിയിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

തിരുവനന്തപുരം: ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തി വരുന്ന സമരം ഫലം കണ്ടു തുടങ്ങുന്നു. കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (കിംസ്) നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയര്‍ത്തി. മാനവീയം വീഥി കണ്‍വെന്‍ഷന്‍ വേദിയിലാണ് ചെയര്‍മാന്‍ ശമ്പള വര്‍ധനവ് അറിയിച്ചത്. ഒപ്പം നിന്ന് അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണ് നഴ്‌സുമാര്‍ എന്നും ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ സമരം ചെയ്യുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ലെന്നും കിംസ് സിഇഒ യാസിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

തങ്ങള്‍ക്ക് മാത്രമായി തീരുമാനം നടപ്പിലാക്കാന്‍ സാധിക്കുമോയെന്ന് അറിയില്ല. പൊതുവായ തീരുമാനം ഉണ്ടാകണം. നഴ്‌സുമാര്‍ ഇല്ലാതെ ആശുപത്രികള്‍ നടത്താന്‍ കഴിയില്ല. മിനിമം വേജസ് ആക്ട് പ്രകാരം സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണം. കൊല്ലം കരുനാഗപ്പള്ളിയിലും കണ്ണൂരിലും ആണ് കിംസ് പ്രവര്‍ത്തിക്കുന്നത്. മാലാഖമാരുടെ വീട്ടിലും കഞ്ഞിവെക്കണം എന്നും യാസിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

സമരത്തിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ആയിരക്കണക്കിന് നഴ്‌സുമാരാണ് പങ്കെടുത്തത്. ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഇന്ന് രാത്രിയോടെ സര്‍ക്കാര്‍ തീരുമാനം അറിയിക്കുമെന്നാണ് പ്രതീക്ഷ.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സ മുടങ്ങില്ലെന്ന് ഉറപ്പ് വരുത്തി മൂന്നില്‍ ഒരു ഭാഗം നഴ്‌സുമാര്‍ മാത്രമാണ് സമരത്തിന്റെ ഭാഗമായത്. രമേശ് ചെന്നിത്തലയാണ് സമരപരിപാടി ഉദ്ഘാടനം ചെയ്തത്.

തുല്യ ജോലിക്ക് തുല്യ വേതനം ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടി വി നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലൈവത്തോണ്‍ ഉള്‍പ്പടെ സംഘടിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button