സ്വർണക്കൊള്ളക്കേസ്: കണ്ഠര് രാജീവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളക്കേസിൽ പ്രതി തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കായാണ് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിശോധന നാളെയായതിനാല്‍ ഇന്ന് ആശുപത്രിയില്‍ തുടരും. സ്വര്‍ണക്കൊള്ള കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു തന്ത്രി.
തന്ത്രി കണ്ഠര് രാജീവരെ കസ്റ്റഡിയിൽ വിട്ടുകിട്ടിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തിരുന്നു. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചും സ്വർണപ്പാളിക്കടത്തിനെക്കുറിച്ചും കൂടുതൽ വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യൽ.
കേസിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം വൈകിയതോടെ കൂടുതൽ തെളിവുകൾ കണ്ടെത്തി കള്ളപ്പണം വെളുപ്പിക്കൽ കേസ് (പിഎംഎൽഎ) മുറുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ഒരുങ്ങുന്നുണ്ട്. കൂടുതൽ റെയ്ഡുകളും ഇതിന്റെ ഭാഗമായി നടക്കും. കേസുമായി ബന്ധപ്പെട്ട പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി 26 ഇടങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. പ്രതികൾക്കു പുറമേ കൂടുതൽ സാക്ഷികളുടെ മൊഴിയും ഇ.ഡി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. ദേവസ്വം മുൻമന്ത്രി കടകംപളളി സുരേന്ദ്രൻ അടക്കമുള്ളവർക്കു സമൻസ് അയക്കാനുള്ള നീക്കത്തിനൊപ്പം കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങുന്ന മുരാരി ബാബുവിനെ പോലുള്ള പ്രതികളുടെ സ്വത്തുക്കൾ സംബന്ധിച്ച വിശദമായ അന്വേഷണമാണ് ഇ.ഡി നടത്തുന്നത്.
ഇതിനിടയിൽ ക്രൈംബ്രാഞ്ച് വിശദമായ കുറ്റപത്രം സമർപ്പിച്ചാൽ ഇ.ഡിയുടെ ജോലി എളുപ്പമാകും. പിഎംഎൽഎ കേസിനാവശ്യമായ വിവരങ്ങൾ പൊലീസിന്റെ കുറ്റപത്രത്തിൽ നിന്നു തന്നെ ലഭിക്കും. കുറ്റപത്രം വൈകിയാൽ കള്ളപ്പണം സംബന്ധിച്ച അന്വേഷണം എങ്ങനെ കാര്യക്ഷമമാക്കാമെന്നാണ് ഇ.ഡി പരിശോധിക്കുന്നത്.




