എം ആർ അജിത് കുമാറിൻ്റെ വിവാദ ട്രാക്ടർ യാത്ര; നടപടിയെടുക്കുന്ന കാര്യത്തിൽ അവ്യക്തത

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിൻ്റെ വിവാദ ട്രാക്ടർ യാത്രയിൽ പൊലീസ് മേധാവി സർക്കാറിന് റിപ്പോർട്ട് കൈമാറും. അജിത് കുമാറിന്റെ യാത്ര നിയമലംഘനമെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ അജിത് കുമാറിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.
സംഭവത്തിൽ പത്തനംതിട്ട എസ്പി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എം ആർ അജിത് കുമാറിൻ്റെ ട്രാക്ടർ യാത്രയുടെ ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്. അജിത് കുമാറിൽ നിന്നും പൊലീസ് മേധാവി വിശദീകരണം തേടി. 12-ന് രാത്രിയാണ് എം ആർ അജിത്കുമാർ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര ചെയ്തത്. 13-ന് വൈകിട്ട് മലയിറങ്ങിയതും ട്രാക്ടറിലാണ്.എന്നാൽ സംഭവത്തിൽ ട്രാക്ടർ ഓടിച്ച പൊലീസ് ഡ്രൈവർക്കെതിരെയായിരുന്നു കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവിയുടെ പേരിലാണ് ട്രാക്ടർ. പമ്പ പൊലീസാണ് കഴിഞ്ഞ ദിവസം കേസെടുത്തത്. സംഭവത്തിൽ കേസെടുത്തിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടർ യാത്രയിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. എഡിജിപിയുടെ ട്രാക്ടർ യാത്ര നിർഭാഗ്യകരമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അജിത് കുമാറിന്റെ പ്രവർത്തി മന:പൂർവമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.




