ആഗോള വാർത്താ ഏജൻസിയായ എഎഫ്പിക്കു നേരെ സൈബർ ആക്രമണം

ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിക്കു നേരെ സൈബർ ആക്രമണം. ആക്രമണത്തെത്തുടർന്ന് എഎഫ്പി ഫോറം എന്ന പ്ലാറ്റ്ഫോം മുൻകരുതലിന്റെ ഭാഗമായി ഓഫ്ലൈനാക്കി മാറ്റി. ആക്രമണത്തിന്റെ പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
പാരീസ് സമയം പുലർച്ചെ 1.30ഓടെയാണ് സൈബർ ആക്രമണം നടന്നതെന്ന് എഎഫ്പി അറിയിച്ചു. സൈബർ അറ്റാക്ക് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സാങ്കേതിക സംഘം അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്തു. എഎഫ്പി പ്രവർത്തനം പുനഃസ്ഥാപിക്കുന്നത് വരെ ഉപയോക്താക്കൾക്ക് വാർത്തകൾ ലഭിക്കാൻ ബാക്കപ്പ് സംവിധാനവും ഏജൻസി ഒരുക്കിയിട്ടുണ്ട്.യൂറോപ്പിലുടനീളം സൈബർ തടസങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് എഎഫിപിക്ക് നേരെയും ഉള്ള ആക്രമണം. ഒക്ടോബറിൽ ഫ്രാൻസിലെ സൂപ്പർമാർക്കറ്റുകളിലും സൈബർ ആക്രമണം നടന്നിരുന്നു. യുകെ, ജർമ്മനി, ബെൽജിയം, സ്വീഡൻ അടക്കമുള്ള മറ്റ് 10 യൂറോപ്യൻ രാജ്യങ്ങളിലും സമാനമായ രീതിയിൽ സൂപ്പർമാർക്കറ്റുകൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുൻപ് നടന്ന ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് ഫ്രാൻസ് ആരോപിച്ചെങ്കിലും ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു ഇറാന്റെ മറുപടി.



