‘ശബരിമലയിൽ ഈ സീസണിൽ വരുമാനം കുറഞ്ഞു’: വെളിപ്പെടുത്തി ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

ശബരിമലയിൽ ഭക്തജനങ്ങളുടെ വരവിൽ നിലവിൽ കുറവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. കൂടുതൽ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെന്നും ഇക്കാര്യം ദേവസ്വം ബോർഡ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമേ കൂടുതൽ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ആരംഭിക്കാൻ സാധിക്കൂവെന്നും ജയകുമാർ വ്യക്തമാക്കി.
സ്പോട്ട് ബുക്കിങിൽ വലിയ നിയന്ത്രണങ്ങളൊന്നും നിലവിലില്ല. ഈ തീർത്ഥാടന സീസണിന്റെ ആദ്യ രണ്ടുമൂന്ന് ദിവസങ്ങളിൽ ഭക്തജനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി ഈ വർഷത്തെ തീർത്ഥാടകരുടെ എണ്ണം താരതമ്യം ചെയ്യേണ്ടതില്ലെന്നും എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ബൾക്ക് ബുക്കിങ് റദ്ദാക്കിയ സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിന് പരിമിതികളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ സൈബർ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ബൾക്ക് ബുക്കിംഗ് റദ്ദാക്കിയതിനെത്തുടർന്ന് ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ വരുമാനം മാത്രമല്ല ശബരിമലയിലെ തീർത്ഥാടനത്തിന്റെ മാനദണ്ഡമെന്നും അയ്യപ്പനെ കാണാൻ ആഗ്രഹിക്കുന്ന ഭക്തർ എത്തുമെന്നും അദ്ദേഹം പറഞ്ഞു.




