മാലിന്യം റോഡ് സൈഡിൽ തള്ളുന്നതിനിടെ യുവാവ് വീണത് 35 അടി താഴ്ചയിലേക്ക് .

പത്തനംതിട്ട ജില്ലയിലെ റാന്നിക്ക് സമീപം ഉതിമൂടിനും മണ്ണാറക്കുളഞ്ഞിക്കും ഇടയിലായിരുന്നു അപകടം. റോഡരികിൽ പ്രവർത്തിക്കുന്ന കരിമ്പിൻജ്യൂസ്, ഇളനീർ വിൽപനശാലയിലെ ജീവനക്കാരനായിരുന്ന ഇയാൾ കടയിലെ മാലിന്യങ്ങൾ റോഡരികിലെ കുഴിയിലേക്ക് തള്ളുന്നതിനിടെ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.
കൊക്കയുടെ അടിത്തട്ടിൽ നേരത്തേ തള്ളിയിരുന്ന കരിമ്പിൻചണ്ടിയുടെ കൂമ്പാരത്തിന് മുകളിലേക്കാണ് ഇയാൾ പതിച്ചത്. ഇത് വീഴ്ചയുടെ ആഘാതം കുറച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
കുത്തനെയുള്ളതും കാടുമൂടിയതുമായ പ്രദേശമായതിനാൽ നാട്ടുകാർക്ക് ഇയാളുടെ അടുത്തെത്തി രക്ഷപ്പെടുത്താനായില്ല. തുടർന്ന് രഞ്ജിത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നിന്നെത്തിയ ഏഴംഗ അഗ്നിരക്ഷാസേനാ സംഘം കയറുകളും റെസ്ക്യൂ ബാസ്കറ്റും ഉപയോഗിച്ച് സാഹസികമായി ഇയാളെ മുകളിലെത്തിച്ചു.
വീഴ്ചയിൽ ഇയാളുടെ കാലിന് ഒടിവുണ്ടായി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



