യുവതിയോടുള്ള വൈരാഗ്യം പിഞ്ചുകുഞ്ഞിനോട് തീർത്തു; രണ്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഗാന്ധിനഗർ: സുഹൃത്തിന്റെ രണ്ടു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. സുരേന്ദ്രകുമാർ എന്നയാളാണ് പിടിയിലായത്. ഗുജറാത്തിലെ ഭറൂച്ചിലാണ് സംഭവം.
സുഹൃത്തിന്റെ ഭാര്യയോട് പ്രതിക്ക് ഇഷ്ടം തോന്നിയിരുന്നു. ഇയാൾ പലതവണ യുവതിയോട് അടുക്കാൻ ശ്രമിച്ചെങ്കിലും അവർ എതിർക്കുകയായിരുന്നു. ഇതിലുള്ള വൈരാഗ്യവും പ്രകോപനവുമാണ് കുട്ടിക്കെതിരായ അതിക്രമത്തിന് പിന്നിലെന്ന് പൊലിസ് വ്യക്തമാക്കുന്നു. യുവതിയെ പ്രതി നേരത്തെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രതി പീഡനത്തിനിരയാക്കിയത്. അവശനിലയിലായ കുട്ടിയെ പരിശോധിച്ചപ്പോഴാണ് ഗുരുതരമായ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുക്കുകയും സുരേന്ദ്രകുമാറിനെ പിടികൂടുകയുമായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.




