എൽപിഎസ്ടി സമരത്തിന് പിന്തുണയുമായി കേരള കോൺഗ്രസ് (എം); സെക്രട്ടേറിയറ്റിന് മുന്നിൽ 20 നേതാക്കളുടെ ശയന പ്രദക്ഷിണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർക്ക് പിന്തുണയുമായി കേരള കോൺഗ്രസ് (എം). ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശയന പ്രദക്ഷിണം നടത്തും. പാർട്ടിയിലെ 20 ജില്ലാ നേതാക്കളാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ശയന പ്രദക്ഷണം ചെയ്യുക.നേരത്തെ പാർട്ടിയുടെ യുവജന സംഘടനയും ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തലമുണ്ഡനം ചെയ്തിരുന്നു. അതേസമയം, ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 142-ാം ദിവസത്തിലേക്ക് കടന്നു. സമരസമിതി കൺവീനർ വളർമതിയുടെ നിരാഹാരം 30-ാം ദിവസത്തിലേക്കും കടക്കുകയാണ്. അതിനിടെ സമരസമിതിക്കെതിരെ വിമതർ രംഗത്തെത്തിയിരുന്നു. എംഎസ്എഫ് പ്രവർത്തകരെ അണിനിരത്തി സമരം പൊളിക്കാനാണ് സർക്കാർ ശ്രമം. നാളെയ്ക്കകം അടുത്തഘട്ട ചർച്ചയ്ക്കായി വിളിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്.അതേസമയം, എൽ പി എസ് ടി സമരം പൊളിക്കാൻ സർക്കാർ സ്പോണസേർഡ് വാർത്താ സമ്മേളനം നടത്തിയതായും വിവരം. വിമത വിഭാഗം വാർത്താ സമ്മേളനത്തിന് പിന്നിൽ എം എസ് എഫ് നേതാവാണെന്ന സൂചന. ഇതിലൂടെ സമരം പൊളിക്കാൻ സർക്കാർ നീക്കം നടത്തിയെന്ന സംശയവും ഉരുത്തിരിയുകയാണ്.




