Uncategorized

യുഡിഎഫിലെ അവഗണന: അതൃപ്തി രേഖപ്പെടുത്തി ഘടകകക്ഷികള്‍; ചര്‍ച്ചകള്‍ മുസ്ലിം ലീഗുമായി മാത്രമെന്ന് ആരോപണം

തിരുവനന്തപുരം: യുഡിഎഫിലെ അവഗണനയില്‍ അതൃപ്തി രേഖപ്പെടുത്തി ഘടകകക്ഷികള്‍. ചര്‍ച്ചകള്‍ മുസ്ലിം ലീഗുമായി മാത്രമേ നടക്കുന്നുള്ളൂ എന്നാണ് പരാതി. 100 സീറ്റ് കടന്നതില്‍ ലീഗ് വോട്ടുകള്‍ മാത്രമല്ല എന്ന് ഓര്‍മ്മിക്കണം എന്നും നേതാക്കള്‍. കേരള കോണ്‍ഗ്രസുമായും ആര്‍എസ്പിയുമായും കോണ്‍ഗ്രസ് നേതൃത്വം ഉഭയകക്ഷി ചര്‍ച്ചകള്‍ പോലും നടത്തുന്നില്ലെന്നാണ് ആക്ഷേപം. ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങളില്‍ അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്നും ഘടകകക്ഷികള്‍ക്ക് പരാതിയുണ്ട്.

ഇന്നലെ എംകെ പ്രേമചന്ദ്രന്‍ എംപിയടക്കം കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരെ അഴിച്ചുവിട്ടത്.യുഡിഎഫ് യോഗം കൃത്യമായി ചേരാത്തതിലും ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം വൈകുന്നതിലുമാണ് ആര്‍എസ്പി അതിരൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്. മന്ത്രിസഭയെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദം നിര്‍ഭാഗ്യകരമെന്നും , പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കണമെന്നും ആര്‍എസ്പി ആവശ്യപ്പെട്ടു. നയപരമായ കാര്യങ്ങള്‍ യുഡിഎഫ് പ്ലാറ്റ്‌ഫോമില്‍ ചര്‍ച്ച ചെയ്യണം. ജനാധിപത്യപരമായ രീതി സ്വീകരിക്കണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. ക്യാബിനറ്റ് അംഗങ്ങളുടെ എണ്ണം വ്യാപകമായി വര്‍ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന വ്യക്തമാക്കിയ എന്‍ കെ പ്രേമചന്ദ്രന്‍ വര്‍ധിപ്പിച്ചാല്‍ എഎ അസീസിനും ക്യാബിനറ്റ് പദവി വേണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് കനക്കുന്നതിനിടെ യുഡിഎഫിലെയും മന്ത്രിസഭയിലെയും തര്‍ക്കത്തില്‍ മുന്നറിയിപ്പുമായി മുസ്ലിം ലീഗ് ഇന്നലെ രംഗത്തെത്തിയിരുന്നു. നല്ല ഭരണം പ്രതീക്ഷിച്ച് അധികാരത്തില്‍ ഏറ്റിയ ജനങ്ങളെ മറക്കരുത് എന്നാണ് പിഎംഎ സലാം പറഞ്ഞത്.നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ സര്‍ക്കാരിനും മുന്നണിക്കും ഒരുപോലെ അവമതിപ്പുണ്ടാക്കുന്നു എന്ന പൊതുവികാരം ഉയരുന്നതോടെയാണ് മുന്നറിയിപ്പുമായി പിഎംഎ സലാം തന്നെ രംഗത്തെത്തിയത്. സര്‍ക്കാരിനെ പരിശോധിക്കുവാന്‍ സമയമായിട്ടില്ല എന്നാണ് ലീഗിന്റെ വിമര്‍ശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button