കലിതുള്ളും കാലവർഷം, കാലാവസ്ഥ പ്രവചനത്തിൽ മാറ്റം, തിരുവനന്തപുരം മുതൽ തൃശൂർ വരെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലവർഷം എത്തിയതിന് പിന്നാലെ അടുത്ത 5 ദിവസത്തെ കേരളത്തിലെ കാലാവസ്ഥ പ്രവചനനത്തിലും മാറ്റം. വരുന്ന അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചുകൊണ്ട് പുതുക്കിയ മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ചു. ഇന്ന് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള തെക്കൻ-മധ്യ കേരളത്തിലെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചുണ്ട്. നാളെ മുതൽ മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലേക്കും വ്യാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്




