Uncategorized

ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ 17 വർഷമായി ജയിലിൽ കഴിയുന്ന പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി, ഗുരുതര ഹൃദ്രോഗം പരിഗണിച്ച് ഇർഫാൻ പാഡയ്ക്ക് ജാമ്യം

ദില്ലി: ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതി ഇർഫാൻ സിറാജ് പാഡയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. ഗുരുതരമായ ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യകാരണങ്ങൾ കണക്കിലെടുത്താണ് ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചത്. 17 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഇർഫാന്റെ കേസിലെ അപ്പീലിൽ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിൽ, ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഗോധ്ര ട്രെയിൻ കത്തിക്കലിൽ തുടങ്ങിയ കലാപം
2002 ഫെബ്രുവരി 27 ന് രാവിലെ ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷന് സമീപം സബർമതി എക്സ്പ്രസിന്റെ S 6 കോച്ചിന് തീപിടിച്ച സംഭവമാണിത്. അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന കർസേവകരാണ് ഈ കോച്ചിലുണ്ടായിരുന്നത്. തീപിടുത്തത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 59 പേർ വെന്തുമരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവം ഗുജറാത്തിൽ വലിയ തോതിലുള്ള വർഗീയ കലാപങ്ങൾക്ക് വഴിവെച്ചു. തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കലാപങ്ങളിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു. ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ പ്രത്യേക എസ് ഐ ടി (SIT) കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തി. ഇതിൽ 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. 63 പേരെ കോടതി വെറുതെവിട്ടു. ഗുജറാത്ത് ഹൈക്കോടതി വിധി 2017 ൽ 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. മറ്റ് 20 പേരുടെ ജീവപര്യന്തം ശിക്ഷ ശരിവെക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു. വധശിക്ഷ ഇളവ് ചെയ്തതിനെതിരെ ഗുജറാത്ത് സർക്കാരും ശിക്ഷയ്ക്കെതിരെ പ്രതികളും നൽകിയ അപ്പീലുകൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ദീർഘകാലമായി ജയിലിൽ കഴിയുന്നതും പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് പല പ്രതികൾക്കും സുപ്രീം കോടതി നേരത്തെയും ജാമ്യം അനുവദിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button