ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ആഴ്ചയിൽ 2 ദിവസം അവധിയടക്കം അഞ്ച് പ്രധാന ആവശ്യങ്ങൾ

ദില്ലി: ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക് സാധ്യത. ആഴ്ചയിൽ അഞ്ചു പ്രവൃത്തിദിനം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ബാങ്ക് അസോസിയേഷനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി ബാങ്ക് ജീവനക്കാർ മുന്നോട്ട് പോയത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 28, 29, 30 തീയതികളിൽ രണ്ടാംഘട്ട പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു ശേഷം ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് നീക്കം. രാജ്യത്തെ 7 ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ ശനിയാഴ്ചകളും ഞായറാഴ്ചകളും ബാങ്ക് അവധിയാക്കുക, വിരമിച്ച ബാങ്ക് ജീവനക്കാരുടെ പെൻഷൻ തുക കാലാനുസൃതമായി പരിഷ്കരിക്കുക, പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ഒഴിവുകൾ നികത്തുക, ബാങ്കുകളിൽ നിലവിലുള്ള ഒഴിവുകളിൽ സ്ഥിര നിയമനങ്ങൾ നടത്തുകയും, ബാങ്കിംഗ് സേവനങ്ങൾ സുഗമമാക്കാൻ ജീവനക്കാരുടെ എണ്ണം കൂട്ടുകയും ചെയ്യുക, നിശ്ചിത ജോലി സമയവും അമിതമായ ടാർഗറ്റ് നൽകുന്നത് വഴി ഉണ്ടാകുന്ന മാനസിക സമ്മർദ്ദവും കുറയ്ക്കാൻ നടപടിയെടുക്കുക.




