നിലയ്ക്കലിൽ പൊലിസ് അക്രമിച്ചെന്ന് തീർഥാടക വാഹനത്തിന്റെ ഡ്രൈവർ

നിലയ്ക്കൽ: ശബരിമല തീർഥാടക വാഹനത്തിന്റെ ഡ്രൈവറെ പൊലിസ് അക്രമിച്ചതായി പരാതി. നിലയ്ക്കലിൽ അയ്യപ്പഭക്തരെ വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്ന് പറവൂരിൽനിന്ന് എത്തിയ വാഹന ഡ്രൈവർ പറഞ്ഞു.
ഒൻപതാം നന്പർ പാർക്കിംഗ് സ്ഥലം ലഭിച്ച ഡ്രൈവർ അവിടേക്ക് പോകേണ്ട ദിശയറിയാത്തിനാൽ ഒരു പൊലിസ് ഉദ്യോഗസ്ഥനോട് വഴി ചോദിച്ചിരുന്നു. പാർക്കിംഗ് സ്ഥലത്തേക്ക് ദൂരക്കൂടുതൽ ഉണ്ടെന്നും അതിനാൽ തീർഥാടകരെ സമീപത്ത് ഇറക്കിയിട്ട് പാർക്കിംഗിലേക്ക് പോകാൻ വഴി പറഞ്ഞുകൊടുക്കുകയും ചെയ്തു.
എന്നാൽ ഇതറിയാതെ ഇവിടെയെത്തിയ മറ്റൊരു പൊലിസ് ഉദ്യോഗസ്ഥൻ തീർഥാടകരെ ഇവിടെ ഇറക്കുന്നതിനെ ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നെന്ന് ഡ്രൈവർ പറഞ്ഞു. വാഹനത്തിന്റെ താക്കോൽ ഊരിയെടുത്ത പൊലിസ് ഉദ്യോഗസ്ഥന്റെ വീഡിയോ മൊബൈലിൽ ചിത്രീകരിച്ചപ്പോൾ മുഖത്തടിക്കുകയായിരുന്നെന്ന് ഡ്രൈവർ പറഞ്ഞു. തുടർന്ന് ഇയാൾ ബഹളം വച്ചതോടെ മറ്റ് തീർഥാടകരും പൊലിസുകാരും എത്തിയാണ് പ്രശ്നം ലഘൂകരിച്ചത്.




