Uncategorized

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ്: മത- രാഷ്ട്രീയ അജണ്ട കണ്ടെത്താനായില്ല, ബോധപൂര്‍വമായ വീഴ്ച ഉണ്ടായിട്ടില്ല: ന്യായീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയ്ക്ക് മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയ ഉത്തരവിനെ ന്യായീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. മത- രാഷ്ട്രീയ അജണ്ട കണ്ടെത്താനായില്ലെന്നും ബോധപൂര്‍വമായ വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അനുമതി നല്‍കിയ ജോയിന്‍ ഡയറക്ടര്‍ക്കെതിരെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാകാന്‍ സാധ്യതയില്ല.

വിവിധ സംഘടനകള്‍ക്ക് ഇത്തരത്തില്‍ അനുമതി നല്‍കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുറേക്ക, അക്ഷരമുറ്റം, സി എച് പ്രതിഭ ക്വീസ് എന്നിവക്ക് അംഗീകാരം നല്‍കുന്നുണ്ടെന്നും ഡയറക്ടര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ റദ്ദാക്കിയതിനെതിരെ സംഘപരിവാര്‍ അനുകൂല സംഘടനയായ ദേശീയ അധ്യാപക പരിഷത്ത് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. പരീക്ഷ റദ്ദാക്കുന്നതിന് മുന്‍പ് സംഘടനയെ കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടും. 15 ഓളം ഇതര സംഘടനകള്‍ക്ക് സ്‌കൂളുകളില്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സംഘടനയോട് മാത്രം വിവേചനമെന്നുമാണ് ആരോപണം.

പരീക്ഷാ നടത്തിപ്പിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും അനുമതി പിന്‍വലിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു. നടപടി ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമെന്നും ആരോപണമുണ്ട്. പരീക്ഷയ്ക്കായി തയ്യാറെടുത്ത വിദ്യാര്‍ഥികളെ പരീക്ഷ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ പ്രതിസന്ധിയിലാക്കിയെന്നും പരാതിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button