സ്കൂളിൽ പോകാൻ മടി; പത്താം ക്ലാസുകാരിയുടെ കിഡ്നാപ്പിംഗ് കഥ പൊളിച്ച് പൊലിസ്

എരുമേലി: കൊല്ലമുളയിൽ നിന്ന് പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണം വ്യാജമെന്ന് വെച്ചൂച്ചിറ പൊലിസ്. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഓമ്നി വാനിലെത്തിയവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും ഓടി രക്ഷപ്പെട്ടെന്നുമാണ് പെൺകുട്ടി വീട്ടുകാരെ അറിയിച്ചത്.
കുട്ടിയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകൾ കണ്ടതോടെ ആശങ്കയിലായ വീട്ടുകാർ വെച്ചൂച്ചിറ പൊലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലിസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. പിന്നീട് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ യഥാർഥ വസ്തുത പുറത്തുവന്നത്.
സ്കൂളിൽ പോകാൻ മടിയായതിനാലാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നതായി കഥ മെനഞ്ഞതെന്ന് പെൺകുട്ടി പൊലിസിനോട് സമ്മതിക്കുകയായിരുന്നു. ഏതാനം ദിവസങ്ങൾക്കു മുന്പ് വെച്ചൂച്ചിറയിലും സമാന ആരോപണം ഉയർന്നിരുന്നു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.




