കൊലക്കേസ് പ്രതിയായി രണ്ടര വർഷം ജയിലിൽ, ഒടുവിൽ ജാമ്യത്തിലിറങ്ങി നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ട യുവതിയെ ജീവനോടെ കണ്ടെത്തി യുവാവ്!

‘ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നതാണ്’ നിയമവ്യവസ്ഥയെ കുറിച്ച് നമ്മളിൽ പലരും കേട്ടിട്ടുള്ളത്. നീതിന്യായ വ്യവസ്ഥ എന്തിന് വേണ്ടിയാണ് നിലകൊള്ളേണ്ടത് എന്നതിനെ ഏറ്റവും ചരുക്കിയ വാക്കുകളിൽ മുകളിലെ വാചകം വരച്ച് വയ്ക്കുന്നു. എന്നാൽ, നമ്മുടെ രാജ്യത്ത് അതാണോ നടക്കുന്നതെന്ന് ചോദിച്ചാൽ പലതവണ ചിന്തിക്കേണ്ട അവസ്ഥയാണുള്ളതെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വിരൽചൂണ്ടുന്നു. ഈ ഗണത്തിലേക്ക് ഏറ്റവും ഒടുവിലായി ചേർത്ത് വയ്ക്കേണ്ട ഒന്നാണ്കർണാടകയിലെ രാജേഷിന്‍റെ ജീവിതം.
കൊലക്കേസ് പ്രതിയെന്ന് പോലീസ്. ശിക്ഷ വിധിച്ച് കോടതിയും
കർണാടകയിൽ വച്ച് ഏഴുവർഷം മുമ്പ് കാണാതായ യുവതി കൊല്ലപ്പെട്ട കേസിൽ കർണാടക പോലീസ് അറസ്റ്റ് ചെയ്ത രാജേഷിന്‍റെ ജീവിതം നീതിന്യായ വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥയെ കൂടിയാണ് വരച്ച് കാട്ടുന്നത്. യുവതിയെ രാജേഷ് കൊലപ്പെടുത്തിയെന്നാണ് പോലീസ് കോടതിയിൽ വാദിച്ചത്. ഇതിനായി പോലീസ് കോടതിക്ക് മുന്നിൽ നിരത്തിയ തെളിവുകൾ ശരിവച്ച കോടതി രാജേഷിനെ തടവിന് വിധിച്ചു. പിന്നാലെ രണ്ടര വർഷത്തോളം ജയിൽ കഴിഞ്ഞ രാജേഷ്, ഒടുവിൽ ജാമ്യത്തിലിറങ്ങി സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടെന്ന് പോലീസ് പറഞ്ഞ യുവതിയെ ജീവനോടെ കണ്ടെത്തി. ഇതോടെ ഈ കേസ് ഏറെ വിവാദമായിരിക്കുകയാണ്. കൊലപാതക കുറ്റത്തിന് രണ്ടര വർഷത്തോളം ജയിൽ കഴിഞ്ഞ യുവാവിന്‍റെ നിരപരാധിത്വം സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നു. സംഭവം വിവാദമായതോടെ പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ പരിശോധിക്കാൻ ഡിവൈഎസ്പി തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
യുവതിയെ കാണാനില്ലെന്ന് അച്ഛന്‍റെ പരാതി
കാർണാടകയിലെ ജില്ലയിലെ പാണ്ഡവപുര സ്വദേശിനിയായ യുവതിയെ 2019 ജൂലൈ മൂന്നിനാണ് കാണാതായത്. അച്ഛൻ നാഗരാജ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് 2021 ഓഗസ്റ്റ് 11 -ന് മകളെ രാജേഷ് എന്നയാൾ തട്ടിക്കൊണ്ടുപോയി കാവേരി നദിയിൽ തള്ളിക്കൊലപ്പെടുത്തിയെന്ന് അച്ഛൻ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലക്കേസ് രജിസ്റ്റർ ചെയ്ത് രാജേഷിനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയില്ലെങ്കിലും പോലീസ് ‘ക്ലീനായി’ ഒരു കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രം പരിഗണിച്ച കോടതി രാജേഷിന് തടവ് വിധിച്ചു. പിന്നാലെ രണ്ടുവർഷവും അഞ്ചുമാസവും ജയിലിൽ കഴിഞ്ഞ രാജേഷ് പിന്നീട് ജാമ്യത്തിലിറങ്ങി.
നിരപരാധിത്വം തെളിയിക്കാൻ സ്വന്തം നിലയിൽ അന്വേഷണം
തുടർന്ന് രാജേഷും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ നതേഷും ചേർന്ന് നടത്തിയ അന്വഷണത്തിൽ യുവതി മറ്റൊരാളെ വിവാഹം കഴിച്ച് മായിഗോനഹള്ളിയിൽ ജീവിക്കുകയാണെന്ന് കണ്ടെത്തി. നവംബർ 11 -ന് രാജേഷിന്‍റെ അഭിഭാഷകൻ നതേഷ് യുവതി ജീവിച്ചിരിക്കുന്നതായി പൊലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് തന്നെ കൊല്ലപ്പെട്ടെന്ന് വിധിയെഴുതിയെ അതേ യുവതിയെ കണ്ടെത്തി വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അച്ഛൻ നിർബന്ധിച്ച് നടത്തിയ വിവാഹത്തിൽ താൽപര്യമില്ലാത്തതിനാൽ അവിടെ നിന്നും വീട്ടിലേക്ക് മടങ്ങുകയും 2019 ജൂലൈ 3-ന് കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തി. രാജേഷിനെ അറിയില്ലെന്നും കൊലക്കേസിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്.
‘കുറ്റമേൽക്കാൻ പോലീസ് വൈദ്യുതാഘാതമേൽപ്പിച്ചു’
സംഭവ ദിവസം, ബസ് സ്റ്റാൻഡിൽ വെച്ച് ഫോൺ വിളിക്കാൻ അപരിചിതനായ യുവതിക്ക് തന്‍റെ മൊബൈൽ ഫോൺ നൽകിയത് മാത്രമാണ് തനിക്ക് ഈ കേസിലുണ്ടായ ബന്ധമെന്ന് രാജേഷ് പറയുന്നു. എന്നാൽ. തന്‍റെ നിരപരാധിത്വം പോലീസ് അംഗീകരിച്ചില്ലെന്ന് മാത്രമല്ല, കുറ്റസമ്മതത്തിനായി നിരന്തരം മർദിക്കുകയും വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തെന്ന ഗുരുതര ആരോപണവും രാജേഷ് ഉന്നയിക്കുന്നു. അതേസമയം, അന്വേഷണത്തിലെ വീഴ്ചകളും രാജേഷിനെ പ്രതിയാക്കിയ സാഹചര്യങ്ങളും പരിശോധിക്കുമെന്ന് എസ്.പി ശോഭാറാണി അറിയിച്ചു. കേസ് വീണ്ടും കോടതിയുടെ പരിഗണനയിലാണ്.



