ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ പോരാളി; ജസ്റ്റിസ് സി എസ് കര്ണന് അന്തരിച്ചു

ചെന്നൈ: ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ജസ്റ്റിസ് സി എസ് കര്ണന് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. സഹ ജഡ്ജിമാര്‍ക്കെതിരെ ജാതി വിവേചന ആരോപണം ഉയര്‍ത്തിയും വാര്‍ത്തകളില്‍ ഇടം പിടിച്ച ആളാണ് കര്ണന്. മദ്രാസ്, കല്‍ക്കട്ട ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യത്തെ ജഡ്ജിയാണ് ജസ്റ്റിസ് കര്ണന്.
2017 ജനുവരിയിലായിരുന്നു സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും സിറ്റിങിലുള്ളതും വിരമിച്ചതുമായ ഇരുപത് ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് പറഞ്ഞ് ജസ്റ്റിസ് കര്ണന് രംഗത്തെത്തുന്നത്. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ തുറന്ന കത്തിലായിരുന്നു ആരോപണം. ജുഡീഷ്യറിയിലെ അഴിമതിക്കാരുടെ ആദ്യ പട്ടികയാണ് അതെന്നും കര്ണന് പറഞ്ഞിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവെച്ചു. ജുഡീഷ്യറിയിലെ അംഗങ്ങള്‍ക്കെതിരെ നടത്തിയ പരസ്യ പ്രതികരണത്തിന്റെ പേരില്‍ കര്‍ണനെതിരെ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് കോടതിയലക്ഷ്യത്തിന് കേസ് എടുക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. കേസില്‍ കര്ണന് കുറ്റക്കാരനാണെന്ന് കണ്ടെത്തി. സുപ്രീംകോടതി അദ്ദേഹത്തെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. അങ്ങനെ ഔദ്യോഗിക പദവിയിലിരിക്കെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ ഹൈക്കോടതി ജഡ്ജിയായി അദ്ദേഹം.
വിധി വന്നതിന് പിന്നാലെ കര്ണന് ഒളിവില്‍ പോയി. ഒളിവിലിരിക്കെത്തന്നെ 2017 ജൂണ്‍ 12-ന് അദ്ദേഹം ഔദ്യോഗികമായി സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. പിന്നീട് ജൂണ്‍ 20ന് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വെച്ച് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലടയ്ക്കുകയും ചെയ്തു. ആറുമാസത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി 2017 ഡിസംബറില്‍ കര്ണന് ജയില്‍ മോചിതനായി. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും വനിതാ ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2020 ഡിസംബറില്‍ ചെന്നൈ പൊലീസ് കര്‍ണനെ വീണ്ടും അറസ്റ്റ് ചെയ്തു. ഈ കേസില്‍ കര്ണന് പിന്നീട് ജാമ്യം ലഭിച്ചു.
1955 ജൂണ്‍ 12-ന് തമിഴ്നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലുള്ള കര്നാതം ഗ്രാമത്തിലാണ് ചിന്നസ്വാമി സ്വാമിനാഥന് കര്ണന് എന്ന സി എസ് കര്ണന് ജനിച്ചത്. സാധാരണക്കാരെങ്കിലും വിദ്യാസമ്പന്നരായ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ധ്യാപന മികവിന് രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം നേടിയ വ്യക്തിയായിരുന്നു പിതാവ്. അമ്മ കമലം അമ്മാള്‍ ഗൃഹനാഥയുമായിരുന്നു. കൂഡല്ലൂരിലെ മംഗലംപേട്ട് ഹൈസ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും വിരുന്ധാചലം ആര്‍ട്സ് കോളേജില്‍ നിന്ന് പ്രീ ഡിഗ്രിയും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ബിരുദപഠനത്തിനായി ചെന്നൈയിലേക്ക് പോയി. മദ്രാസ് ലോ കോളേജില്‍ നിയമബിരുദം നേടി.
നിയമപഠനത്തിന് ശേഷം തമിഴ്നാട് ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തുകൊണ്ട് പ്രാക്ടീസ് ആരംഭിച്ചു. ഇക്കാലയളവില്‍ മെട്രോ വാട്ടര്‍ സംഘടനയുടെ നിയമോപദേഷ്ടാവായും, സിവില്‍ കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകനായും, കേന്ദ്ര സര്‍ക്കാരിന്റെ കൗണ്‍സിലായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ കെ ഗാംഗുലിയുടെ നിര്‍ദ്ദേശപ്രകാരം 2009-ല്‍ അദ്ദേഹം മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. പിന്നീട്, 2016 ഫെബ്രുവരിയില്‍ അദ്ദേഹത്തെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. എന്നാല്‍, സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ചിന്റെ മറ്റൊരു വിധി ചൂണ്ടിക്കാണിച്ച് ചീഫ് ജസ്റ്റിസിന്റെ ഈ ഉത്തരവിന് അദ്ദേഹം സ്റ്റേ വാങ്ങിയെടുക്കുകയുണ്ടായി.



