എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം 129-ാം ദിവസത്തിൽ; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും

എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സിന്റെ അനിശ്ചിതകാല സമരം 129-ാം ദിവസത്തിലേക്ക്. സമരത്തിന്റെ ഭാഗമായി നടത്തുന്ന നിരാഹാര സമരം 17-ാം ദിവസവും തുടരുകയാണ്. ഇന്ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് റാങ്ക് ഹോൾഡേഴ്സ് മാർച്ച് സംഘടിപ്പിക്കും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ സമരപ്പന്തലിലെത്തി. യുഡിഎഫ് സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചു. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സർക്കാരായി യുഡിഎഫ് മാറിയെന്ന് അദ്ദേഹം ആരോപിച്ചു.
വകുപ്പ് മന്ത്രിമാർ അറിയാതെ തീരുമാനങ്ങൾ എടുക്കുന്ന രീതിയാണ് സർക്കാരിൽ തുടരുന്നതെന്ന് എം വി ജയരാജൻ പറഞ്ഞു. വൈദ്യുതി മന്ത്രി പോലും വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം വിമർശിച്ചു. സമാനമായ സാഹചര്യം എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിനും ഉണ്ടായിട്ടുണ്ടെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി.
അഞ്ച് വകുപ്പുകൾ മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുകയാണെന്നും വകുപ്പ് മന്ത്രിമാരെ അവഗണിച്ചാണ് ഭരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനുള്ളിലെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ ഉദാഹരണങ്ങളാണ് ഇത്തരം സംഭവങ്ങളെന്നും ജയരാജൻ പറഞ്ഞു. യുഡിഎഫ് സർക്കാർ ജനങ്ങൾക്കിടയിൽ വെറുക്കപ്പെട്ട സർക്കാരായി മാറിയെന്നും എം വി ജയരാജൻ പറഞ്ഞു.




