പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ പഞ്ഞി മറന്നുവെച്ചു; ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ പഞ്ഞി മറന്നുവെച്ചെന്ന പരാതിയുമായി യുവതി. തൃശൂർ ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെയാണ് ചാവക്കാട് സ്വദേശിനിയായ യുവതി ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത വേദന അനുഭവപ്പെട്ടിട്ടും ആശുപത്രി അധികൃതർ വേണ്ടത്ര പരിഗണന നൽകിയില്ലെന്നും യുവതി ആരോപിക്കുന്നു.
ഓഗസ്റ്റ് 18ന് നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് പിഴവ് സംഭവിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി മൂന്ന് തവണ ആശുപത്രിയിൽ ചികിത്സ തേടിയെത്തി. എന്നാൽ ഓരോ തവണയും മതിയായ പരിശോധനകൾ നടത്താതെ മടക്കി അയച്ചെന്നാണ് ആരോപണം. പിന്നീട് നടത്തിയ സ്കാനിങ്ങിലാണ് വയറിനുള്ളിൽ പഞ്ഞി കണ്ടെത്തുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയയിലൂടെ പഞ്ഞി പുറത്തെടുത്തു. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് 43-ാം ദിവസമാണ് പഞ്ഞി പുറത്തെടുത്തതെന്നും യുവതി ആരോപിച്ചു.
സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോടും ബന്ധപ്പെട്ട ഡോക്ടറോടും പരാതി അറിയിച്ചപ്പോൾ പിഴവ് നഴ്സുമാരുടെ ഭാഗത്തുനിന്നാണെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നാണ് യുവതിയുടെ ആരോപണം. സംഭവം പുറത്തറിയരുതെന്ന് പറഞ്ഞ് തന്നെ മടക്കി അയച്ചതായും പിന്നീട് ആശുപത്രി അധികൃതർ യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നും യുവതി പരാതിപ്പെടുന്നു.




