കലാ-സാംസ്കാരിക രാവുകളുമായി പേരാവൂർ ഫെസ്റ്റ് നവംബർ 14 മുതൽ 19 വരെ

പേരാവൂർ: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിക്കുന്ന ‘പേരാവൂർ ഫെസ്റ്റ്’ നവംബർ 14 മുതൽ 19 വരെ നടക്കുമെന്ന് പഞ്ചായത്ത് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫെസ്റ്റിന് മുന്നോടിയായി നവംബർ 13-ന് വൈകിട്ട് വർണ്ണാഭമായ വിളംബര ഘോഷയാത്ര നടക്കും. തുടർന്ന് 14-ന് രാവിലെ 11.30-ന് മന്ത്രി സണ്ണി ജോസഫ് പേരാവൂർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മിനി അമ്യൂസ്മെൻ്റ് പാർക്ക്, വിവിധ വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ട്, കാർഷിക നഴ്സറി, ഗാനമേളകൾ, വോളീബോൾ ടൂർണമെന്റ്, വിവിധ സാംസ്കാരിക മത്സരങ്ങൾ എന്നിവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ, ഫെസ്റ്റിന്റെ എല്ലാ ദിവസങ്ങളിലും പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ വി.സി. രാധാകൃഷ്ണൻ ഫ്ളഡ്ലിറ്റ് ഗ്രൗണ്ടിൽ വോളീബോൾ ടൂർണമെന്റും അരങ്ങേറും.
ഉദ്ഘാടന ദിവസമായ നവംബർ 14-ന് രാവിലെ 10 മുതൽ അങ്കണവാടി കലോത്സവവും വൈകിട്ട് അഞ്ചിന് മെഹന്തി ഫെസ്റ്റും ആറിന് കലാസന്ധ്യയും നടക്കും. 15-ന് രാവിലെ 10 മുതൽ കേരളോത്സവം കലോത്സവവും ഉച്ചയ്ക്ക് രണ്ടിന് വയോജന മത്സരങ്ങളും വൈകിട്ട് ആറിന് കൈരളി പട്ടുറുമാൽ ടീമിന്റെ ഇശൽ നൈറ്റും ഉണ്ടായിരിക്കും.
16-ന് രാവിലെ 10 മുതൽ ഭിന്നശേഷി സംഗമവും വൈകിട്ട് അഞ്ചിന് ഇരട്ടകളുടെ സംഗമവും ആറിന് കഷണ്ടി സംഗമവും നടക്കും. തുടർന്ന് 6.30-ന് കണ്ണൂർ റോക്ക് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും. 17-ന് രാവിലെ 10-ന് വയോജന സംഗമം, ഉച്ചയ്ക്ക് രണ്ടിന് ഗോത്രമേള (കോൽക്കളി), മൂന്നിന് അക്ഷരശ്ലോക സദസ്സ്, വൈകിട്ട് ആറിന് നിഷാദ് കലാകേന്ദ്രത്തിന്റെ ഗാനമേള എന്നിവ നടക്കും.
18-ന് രാവിലെ 10 മുതൽ വനിതാ സംഗമം, തിരുവാതിര, നാടോടി നൃത്തം, ഫ്യൂഷൻ ഡാൻസ്, കൈക്കൊട്ടിക്കളി മത്സരങ്ങൾ എന്നിവയ്ക്കൊപ്പം സുഭാഷ് അറുകരയുടെ പാട്ടരങ്ങും അരങ്ങേറും. തുടർന്ന് ഏഴിന് സമാപന സമ്മേളനത്തോടെ ഫെസ്റ്റ് അവസാനിക്കും.
പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.എ. രജീഷ്, പഞ്ചായത്തംഗങ്ങളായ കെ.പി. അബ്ദുൾ റഷീദ്, ജൂബിലി ചാക്കോ, ബേബി സോജ, കെ.കെ. സ്മിത എന്നിവർ പങ്കെടുത്തു




