കുട്ടികളെ നിയന്ത്രിക്കാന് ആകുന്നില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കണം: മന്ത്രി സി.പി ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ നിയമവിരുദ്ധമായി വാഹനങ്ങളുമായി റോഡിലിറങ്ങുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. കുട്ടികളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ രക്ഷിതാക്കൾ വീടുകളിലെ വാഹനങ്ങൾ വിൽക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. കുട്ടികളോട് ഉപദേശങ്ങൾ നൽകിയിട്ട് യാതൊരു പ്രയോജനവുമില്ലെന്നും രക്ഷിതാക്കളുടെ പേരിലുള്ള വാഹനങ്ങൾ യാതൊരു കാരണവശാലും പ്രായപൂർത്തിയാകാത്തവർക്ക് നൽകരുതെന്നും മന്ത്രി ഓർമിപ്പിച്ചു.
”കുട്ടികളെ ഒന്നും ചെയ്യേണ്ട. അവർക്ക് സാരോപദേശം നൽകിയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. രക്ഷിതാക്കളെയാണു പിടിക്കേണ്ടത്. വാഹനങ്ങളുടെ താക്കോൽ കുട്ടികൾക്ക് നൽകരുത്. കുട്ടികളെ നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ വാഹനം വിൽക്കണം. മാതാപിതാക്കളുടെ പേരിലാണ് വാഹനമുള്ളത്. അത് ഒരു കാരണവശാലും കുട്ടികൾക്കു നൽകരുത്.”-മന്ത്രി സി.പി ജോൺ പറഞ്ഞു.
കുട്ടികൾ വാഹനം ഉപയോഗിച്ചാൽ മാതാപിതാക്കൾക്കെതിരെയാകും നടപടിയുണ്ടാകുകയെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച സംഭവങ്ങളിൽ ഉന്നതർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
നിരത്തുകളിലെ കുട്ടികളുടെ അനധികൃത ഡ്രൈവിങ് തടയാൻ രക്ഷിതാക്കൾക്കെതിരെ നേരിട്ട് നിയമനടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും തീരുമാനം. വാഹനങ്ങളുടെ താക്കോൽ രക്ഷിതാക്കൾ കുട്ടികൾക്ക് നൽകുന്നതാണ് നിയമലംഘനങ്ങളുടെ പ്രധാന കാരണം. കുട്ടികളെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും ഉത്തരവാദിത്തം രക്ഷിതാക്കൾ ഏറ്റെടുക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. വീടുകളിൽ ഇത്തരം പ്രവണതകൾ കർശനമായി വിലക്കാൻ മാതാപിതാക്കൾ തയാറാകണം. കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ യാതൊരുവിധ ദാക്ഷിണ്യവും ഉണ്ടാകില്ലെന്ന് ആഭ്യന്തര വകുപ്പും നിലപാട് വ്യക്തമാക്കിയ കാര്യവും മന്ത്രി സി.പി ജോൺ ചൂണ്ടിക്കാട്ടി.



