പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ അഭിഭാഷകർക്ക് ഇളവ് നൽകി ഡൽഹി ഹൈക്കോടതി; സാധാരണക്കാർക്ക് ബാധകമല്ല

ന്യൂഡൽഹി: ഡൽഹിയിൽ വർധിച്ചുവരുന്ന വായുമലിനീകരണം തടയുന്നതിൻ്റെ ഭാഗമായി പഴയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിൽ ഇളവ് അനുവദിച്ച് ഡൽഹി ഹൈക്കോടതി. ബിഎസ്-6 നിലവാരമില്ലാത്ത വാഹനങ്ങൾക്കാണ് ഡൽഹി സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നത്. ഈ വിലക്കിൽ നിന്നാണ് ദേശീയ തലസ്ഥാന മേഖലയിലെ അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും ഹൈക്കോടതി ഇപ്പോൾ ആശ്വാസം നൽകിയിരിക്കുന്നത്.ജസ്റ്റിസ് അമിത് മഹാജൻ അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഈ ഇളവ് പൂർണ്ണമല്ല. കോടതി പ്രവർത്തിക്കുന്ന ദിവസങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡൽഹിയിലേക്ക് വരുന്ന അഭിഭാഷകർക്കും ജീവനക്കാർക്കും മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ ഈ വിധി.സൗജന്യം ദുരുപയോഗം ചെയ്യാതിരിക്കാൻ കർശന നിബന്ധനകളും മുന്നോട്ടുവെച്ചിട്ടുണ്ട്. ഡൽഹിക്ക് പുറത്തുനിന്നെത്തുന്ന അഭിഭാഷകർ തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, വാഹനത്തിൻ്റെ രേഖകൾ, സാധുവായ പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ പരിശോധനയ്ക്കായി നിർബന്ധമായും കരുതണം. അർഹതയുള്ള ഒരു അഭിഭാഷകന് രജിസ്റ്റർ ചെയ്ത ഒരു വാഹനത്തിന് മാത്രമേ ഇളവ് ലഭിക്കൂ.സാധാരണക്കാർക്ക് ഈ ഇളവ് ലഭ്യമല്ല.ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ, നവംബർ 1 മുതൽ ജനുവരി 31 വരെ ബിഎസ്-6 നിലവാരമില്ലാത്ത, മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് ഡൽഹി സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ബിഎസ്-3, ബിഎസ്-4 കാറ്റഗറിയിലുള്ള പെട്രോൾ, ഡീസൽ വാഹനങ്ങളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. എന്നാൽ, നോയിഡ, ഗുരുഗ്രാം തുടങ്ങിയ എൻസിആർ നഗരങ്ങളിൽ താമസിക്കുന്ന നിരവധി അഭിഭാഷകരും ജീവനക്കാരും ഡൽഹിയിൽ രജിസ്റ്റർ ചെയ്യാത്ത പഴയ വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്നും, ഇവരെ അതിർത്തിയിൽ തടയുന്നത് കോടതികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ബാർ അസോസിയേഷൻ ചൂണ്ടിക്കാട്ടി.നീതിനിർവ്വഹണത്തിനായുള്ള യാത്ര തടസ്സപ്പെടുത്തുന്നത് ഭരണഘടന ഉറപ്പുനൽകുന്ന 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും അവർ വാദിച്ചു. ഇത് മുഖവിലയ്ക്കെടുത്താണ് ഹൈക്കോടതിയുടെ നടപടി. കോവിഡ് കാലത്തും അഭിഭാഷകർക്ക് യാത്രാവിലക്കിൽ സമാനമായ ഇളവ് ഹൈക്കോടതി നൽകിയിരുന്നതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.




