Uncategorized

വിരാജ്‌പേട്ട കൊലപാതകം: മൂന്ന് പേർ കൂടി പോലീസ് പിടിയിൽ; അന്വേഷണത്തിൽ നിർണായകമായത് പ്രധാനപ്രതിയുടെ മൊബൈൽ സന്ദേശം

​ഇരിട്ടി: വിരാജ്‌പേട്ടയ്ക്ക് സമീപം പാലങ്കലയിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്ന് പേർ കൂടി വീരാജ്‌പേട്ട് റൂറൽ പോലീസിന്റെ പിടിയിലായി. വിരാജ്‌പേട്ട സ്വദേശികളായ കെ.ജി. സതീഷ് (40), ബൊപ്പയ്യ എന്ന കെ.ബി. രവി (35), അപ്പി എന്ന കെ.എം. പൊന്നപ്പ (45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കരിനേരവണ്ട പൊന്നപ്പ (വിനു-41) ആണ് കൊല്ലപ്പെട്ടത്.
​കേസിലെ പ്രധാന പ്രതി എന്ന് സംശയിക്കുന്ന സോമയ്യ (മുദ്ദ) എന്നയാൾ പോലീസ് ചോദ്യം ചെയ്യലിന് പിന്നാലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ ആത്മഹത്യയിൽ സംശയം തോന്നിയ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് വ്യക്തമായതും തുടർന്ന് മറ്റ് മൂന്ന് പ്രതികൾ പിടിയിലായതും.
​സംഭവം ഇങ്ങനെ:
​കഴിഞ്ഞ ഒക്ടോബർ 21 ബുധനാഴ്ച വീട്ടിൽ നിന്ന് പോയ പൊന്നപ്പ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് ഒക്ടോബർ 26-നാണ് അമ്മ വിരാജ്‌പേട്ട് റൂറൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ്, പൊന്നപ്പയ്ക്കൊപ്പം അവസാനമായി ഉണ്ടായിരുന്ന സോമയ്യയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി.
​പോലീസ് ചോദ്യം ചെയ്യലിൽ കുറ്റം തെളിയുമെന്നും താൻ പിടിക്കപ്പെടുമെന്നും ഭയന്ന സോമയ്യ പിന്നീട് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. തുടർന്ന് സോമയ്യയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയാണ് കേസിൽ നിർണായക വഴിത്തിരിവായത്. താനും മറ്റൊരാളും ചേർന്ന് പൊന്നപ്പയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സോമയ്യ ഭാര്യയ്ക്ക് അയച്ച സന്ദേശം പോലീസ് കണ്ടെത്തി.
​തുടർന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസിന് കൊലപാതകത്തിൽ പങ്കാളികളായ മറ്റ് മൂന്ന് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഒന്നിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം നടത്തിയ ശേഷം പ്രതികൾ ചേർന്നാണ് മൃതദേഹം കുഴിച്ചുമൂടിയത്. സംഭവത്തിൽ വീരാജ്‌പേട്ട് റൂറൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button