Uncategorized

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനുനേരെ ആക്രമണം, നാവികൻ കൊല്ലപ്പെട്ടു; ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ

ന്യൂഡൽഹി: ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിനുനേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന മറ്റു 13 ഇന്ത്യൻ ജീവനക്കാരെ ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്ക് ഉടനടി അയവുവരുത്തണമെന്നും നയതന്ത്ര ചർച്ചകളിലൂടെ ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.തിങ്കളാഴ്ച വൈകീട്ട് ഒമാനിലെ ലിമയ്ക്ക് സമീപം 14 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന ‘എം.എസ്.വി. അൽ യൂസഫി’ എന്ന ചരക്കുകപ്പലിനുനേരെ ഉറവിടം തിരിച്ചറിയാത്ത വ്യോമാക്രമണമുണ്ടാകുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗുജറാത്ത് സ്വദേശിയായ ഗാന്ധാർ നഹീം അസീസ് എന്ന നാവികനാണ് മരിച്ചത്. തുടർന്ന് കപ്പലിലുണ്ടായിരുന്ന മറ്റു 13 ജീവനക്കാരെയും ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി പുറത്തെത്തിച്ചു.കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോണോവാൾ ‘എക്സ്’ മാധ്യമത്തിലൂടെയാണ് ആക്രമണവിവരം പുറത്തുവിട്ടതും അനുശോചനം രേഖപ്പെടുത്തിയതും. രക്ഷപ്പെട്ട നാവികർക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ ലഭ്യമാക്കാനും കൊല്ലപ്പെട്ട നാവികന്റെ മൃതദേഹവും മറ്റു ജീവനക്കാരെയും വേഗത്തിൽ നാട്ടിലെത്തിക്കാനും ഒമാനിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.സംഭവത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ ശക്തമായി അപലപിച്ചു. മേഖലയിൽ വാണിജ്യക്കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ഉത്കണ്‌ഠ രേഖപ്പെടുത്തി. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാൻ സംഘർഷങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.വാണിജ്യക്കപ്പലുകളെയും സാധാരണക്കാരുടെ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിടുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി അന്താരാഷ്ട്ര സമുദ്രപാതകളിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യവും വാണിജ്യസ്വാതന്ത്ര്യവും എത്രയുംവേഗം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതരുമായി ഏകോപനം നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിനുശേഷം കപ്പലുകൾക്കും ടാങ്കറുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ കുറഞ്ഞത് 22 ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ചത്തെ ആക്രമണത്തോടെ പശ്ചിമേഷ്യൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ എണ്ണം 23 ആയി ഉയർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button