Uncategorized

‘വിദ്യാർഥിനിക്കൊപ്പം പോയപ്പോൾ തുറിച്ചു നോക്കി’: ഓച്ചിറയിൽ വിദ്യാർഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചു, പരാതി

ഓച്ചിറ: ക്ലാപ്പനഎസ്വിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിയായ കരുനാഗപ്പള്ളി സ്വദേശിയെ സഹപാഠികൾ ക്രൂരമായി മർദിച്ചതായി പരാതി. വിദ്യാർഥിയുടെ വലതു കൈക്ക് സാരമായി പരുക്കേറ്റു. മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മർദനമേറ്റ പാടുകളുണ്ട്. കഴിഞ്ഞ 13 നു സ്‌കൂളിനു സമീപം വച്ചാണ് സഹപാഠികളായ ഏഴംഗ സംഘം മർദിച്ചത്. വിദ്യാർഥിയെ സംഘം ചേർന്നു മർദിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതു രക്ഷിതാക്കൾ കണ്ടതിനെ തുടർന്ന് ഓച്ചിറ പൊലീസിൽ പരാതി നൽകുകയായിരുന്നു.

13 നു സ്കൂളിലെ മറ്റൊരു വിദ്യാർഥി ഒരു വിദ്യാർഥിനിക്കൊപ്പം പോയപ്പോൾ തുറിച്ചുനോക്കി എന്നാരോപിച്ചു വിദ്യാർഥികൾ തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് 13 നു സ്‌കൂളിനു സമീപം വച്ചാണ് വിദ്യാർഥിയെ മുഖത്തിടിച്ചു തറയിലിട്ട ശേഷം ക്രൂരമായി മർദിച്ചത്. നാട്ടുകാർ ഓടിയെത്തിയപ്പോഴാണു സംഘം പിൻമാറിയത്. കൈക്കു സാരമായി പരുക്കേറ്റ വിദ്യാർഥി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പ്ലാസ്റ്റർ ഇടുകയും ചെയ്തിരുന്നു.

എന്നാൽ വിദ്യാർഥി വീട്ടിലെത്തുന്നതിനു മുൻപ് പ്ലാസർ നീക്കം ചെയ്ത‌ശേഷം സൈക്കിളിൽനിന്നു വീണു പരുക്കേറ്റതായി വീട്ടുകാരോടു പറയുകയായിരുന്നു.ഇന്നലെ മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്നു രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ഓച്ചിറ പൊലീസ് കേസെടുത്തത്. വിദ്യാർഥിയെ വീണ്ടും കരുനാഗപ്പള്ളി താലൂക്ക് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാ വിദ്യാർഥികളും പതിനേഴ് വയസ്സുള്ളവരാണ്. ഇവർക്കെതിരെ ജുവനൈൽ ജസ്‌റ്റിസ് ബോർഡിനു റിപ്പോർട്ട് നൽകുമെന്ന് ഓച്ചിറ എസ്ഐ എം.ഷമീർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button