ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച് യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോയിൽ വെച്ച് യാത്രക്കാരൻ രഹസ്യമായി തൻ്റെ വീഡിയോ പകർത്തിയെന്ന ആരോപണവുമായി യുവതി രംഗത്ത്. സൗപിക എന്ന യുവതി ആണ് താൻ നേരിട്ട ദുരനുഭവം സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി രംഗത്തെത്തിയത്. മെട്രോയിൽ വെച്ച് യാത്രക്കാരൻ തൻ്റെ വീഡിയോ പകർത്തിയെന്നും ഇയാളിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങിയെന്നും യുവതി പറയുന്നു. സെക്യൂരിറ്റിയുടെ കൈവശം ഏൽപ്പിച്ച ഫോൺ യാത്രക്കാരൻ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി ദൃശ്യങ്ങൾ സഹിതം പങ്കുവെച്ച് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാലരയ്ക്ക് വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ മെട്രോ എത്തിയപ്പോഴാണ് സംഭവം നടന്നതെന്നാണ് യുവതി പറയുന്നത്. ശരിക്കും താൻ വിറച്ചുപോയെന്നും മെട്രോയിൽ വെച്ച് തൻ്റെ വീഡിയോ പകർത്തിയ യാത്രക്കാരനെ കൈയോടെ പിടികൂടിയെന്നും യുവതി വീഡിയോയിൽ പറഞ്ഞു. യാത്രക്കാരനെ തടഞ്ഞ് എന്തിനാണ് തൻ്റെ വീഡിയോ പകർത്തിയതെന്ന് യുവതി ചോദിക്കുന്നതും ഫോൺ പിടിച്ചുവാങ്ങി അൺലോക്ക് ചെയ്യാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ലിഫ്റ്റിൽവെച്ച് ഇയാളോട് ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് യുവതി പറയുന്നതും യാത്രക്കാരൻ ക്ഷമ ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം




