ഹോട്ടൽമുറിയിലേക്ക് നടന്നെത്തിയ യുവതി പെട്ടെന്ന് കുഴഞ്ഞുവീണു, ഓടിയെത്തി ഭർത്താവ്; മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

ലഖ്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിൽ യുവതി ഹോട്ടൽമുറിയിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. യുവതി കുഴഞ്ഞുവീണ് മരിച്ചതല്ലെന്നും സംഭവം കൊലപാതകമാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഝാൻസി സ്വദേശിയായ മസ്കന്റെ(28) മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മസ്കനെ ഭർത്താവ് നിലേഷ് കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ പരാതി.
ശനിയാഴ്ച രാവിലെയാണ് ഝാൻസിയിലെ ഹോട്ടലിൽവെച്ച് മസ്കൻ കുഴഞ്ഞുവീണ് മരിച്ചതെന്നാണ് ഭർത്താവ് പൊലീസിന് നൽകിയ മൊഴി. ചെക്ക് ഔട്ടിന് മുൻപായി ഹോട്ടൽമുറിയിലേക്ക് വരുന്നതിനിടെ മുറിക്ക് മുന്നിൽവെച്ച് മസ്കൻ കുഴഞ്ഞുവീണെന്നും തുടർന്ന് ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഓട്ടോറിക്ഷയിൽ ആശുപത്രിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും ഇയാളുടെ മൊഴിയിൽ പറയുന്നു. ഭർത്താവിന്റെ മൊഴിയിൽ പറയുന്നത് പോലെയാണ് സിസിടിവി ദൃശ്യങ്ങളും. ഹോട്ടൽ ജീവനക്കാരനും നിലേഷും മസ്കനും മുറിയിലേക്ക് നടന്നുവരുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ആദ്യമുള്ളത്. ജീവനക്കാരനും നിലേഷും ആദ്യം മുറിക്കുള്ളിൽ പ്രവേശിച്ചു. പിന്നാലെ മുറിയിലേക്ക് പ്രവേശിച്ചയുടൻ യുവതി പുറത്തേക്ക് വീഴുന്നതും ഭർത്താവ് ഓടിയെത്തി യുവതിയെ വിളിച്ച് എഴുന്നേൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം, മരണത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നുമാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി. ഭർത്താവ് യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കുടുംബം പറയുന്നു




