PSC ചെയര്‍മാനെ പിരിച്ചുവിടാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ ഭരണഘടനാ ലംഘനം: പിണറായി വിജയന്

തിരുവനന്തപുരം: പിഎസ്സി ചെയര്മാന് ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിടാനുള്ള മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ ശുപാര്‍ശയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഗവര്‍ണറുടെ നടപടി ഭരണഘടനാവ്യവസ്ഥയുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണെന്ന് പിണറായി വിജയന് പ്രസ്താവനയില്‍ വിമര്‍ശിച്ചു. ഗവര്‍ണറുടെ നടപടി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ എന്നും പിണറായി ചോദിച്ചു.
പ്രസ്താവനയുടെ പൂര്‍ണരൂപം:
‘കേരളത്തിലെ പിഎസ്സി ചെയര്‍മാനെ നീക്കണമെന്നും കമ്മീഷനെ തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കേരള ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയതായി വാര്‍ത്ത വന്നിരിക്കുകയാണ്. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 316 പ്രകാരമാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷനെ നിയമിക്കുന്നത്. അങ്ങിനെ നിയമിക്കപ്പെടുന്ന അംഗങ്ങള്‍ക്ക് 6 വര്‍ഷത്തെ കാലാവധിയാണ് ആര്‍ട്ടിക്കിള്‍ 316 (2) പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ഈ കാലാവധിക്കകം ഒരംഗത്തെ നീക്കം ചെയ്യണമെങ്കില്‍ ആര്‍ട്ടിക്കിള്‍ 317 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഒരംഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രവര്‍ത്തി ദോഷം (misbehavior) സംബന്ധിച്ച പരാതിയിന്മേല് സുപ്രീം കോടതി ഒരു അന്വേഷണ വിചാരണ നടത്തി ചെയര്‍മാനെയും അംഗങ്ങളെയും നീക്കം ചെയ്യേണ്ടതാണെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മാത്രമേ, രാഷ്ട്രപതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ. അത്തരത്തിലൊരു അന്വേഷണ വിചാരണയും കേരളത്തിലെ പിഎസ്സി അംഗങ്ങള്‍ക്കെതിരായി സുപ്രീംകോടതിയില്‍ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഗവര്‍ണര്‍ക്ക് ഇത്തരത്തിലൊരു ഒരു ശിപാര്‍ശ നടത്താന്‍ ഭരണഘടനാപരമായി യാതൊരു അധികാരവുമില്ല. സ്ഥാനം ഒഴിഞ്ഞ ഗവര്‍ണ്ണര്‍ പോകുന്ന പോക്കില്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ നിയമവിരുദ്ധ ഇടപെടലുകളുടെ തുടര്‍ച്ചയായി ഇത്തരത്തിലൊരു ശുപാര്‍ശ നടത്തിയതായാണ് മനസിലാക്കുന്നത്.
ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ ഏതു പ്രവര്‍ത്തിയും നടത്താനാകൂ എന്ന് ആര്‍ട്ടിക്കിള്‍ 163 അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ ഒരുവിധ സ്വതന്ത്രമായ അധികാരവും ഇല്ലെന്നര്‍ത്ഥം. മന്ത്രിസഭയ്ക്കാവട്ടെ ആര്‍ട്ടിക്കിള്‍ 317 പ്രകാരം സുപ്രീംകോടതിയുടെ അന്വേഷണ വിചാരണയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ലാതെ തീരുമാനവും എടുക്കാന്‍ കഴിയില്ല. അതായത് പൂര്‍ണമായും ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടിയാണ് ഗവര്‍ണര്‍ ചെയ്തുവെച്ചിട്ടുള്ളത്.
പിഎസ്സി ഒരു തുടര്‍ച്ചയാണ്. സര്‍ക്കാരുകള്‍ മാറി വരുമ്പോള്‍ നിലവിലുള്ള പിഎസ്സി അംഗങ്ങളെയും ചെയര്‍മാനെയും പുറത്താക്കുന്ന പതിവില്ല. അവരുടെ കാലാവധി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് പുതിയ അംഗങ്ങളെ നിയമിക്കുക മാത്രമാണ് ചെയ്തുവരുന്നത്. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയുടെ അടിസ്ഥാനത്തില്‍ പിഎസ്സിയെ സമീപിച്ച ചരിത്രം കേരളത്തിലില്ല. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണറുടെ ഈ നിയമവിരുദ്ധ നടപടിയില്‍ നിലപാട് വ്യക്തമാക്കണം.




