Uncategorized

പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി മാറാടി പഞ്ചായത്ത്

മൂവാറ്റുപുഴ: പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടില്‍ വാഹനം ഓടിച്ച് ഗ്രൗണ്ട് നശിപ്പിച്ചതില്‍ മാറാടി പഞ്ചായത്ത് നടപടി സ്വീകരിച്ചു. കുരുക്കുന്നുപുരത്തുള്ള ലീഡര്‍ കെ കരുണാകരന്‍ സ്മാരക സ്റ്റേഡിയത്തില്‍ അനുമതിയില്ലാതെ കാർ ഓടിച്ച് ഗ്രൗണ്ട് നശിപ്പിച്ചതിന് 57,212 രൂപ പിഴ ചുമത്തി.

കേരളോത്സവത്തിന്റെ ഭാഗമായി ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തുന്നതിന് സജ്ജമാക്കിയ പിച്ചും ഗ്രൗണ്ടും, വാഹനമോടിച്ച് ഡ്രിഫ്റ്റിംഗ് നടത്തിയതിനെ തുടര്‍ന്ന് തകര്‍ന്നത് വെള്ളിയാഴ്ച രാവിലെയാണ്. ഗ്രൗണ്ട് പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുള്ള നഷ്ടപരിഹാര തുകയായ 47,212 രൂപയും പിഴയായ 10,000 രൂപയും ഉള്‍പ്പെടെ ആകെ 57,212 രൂപ വാഹന ഉടമയില്‍ നിന്ന് ഈടാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. നോട്ടീസ് ലഭിച്ച് 7 ദിവസത്തിനുള്ളില്‍ തുക പഞ്ചായത്തില്‍ അടയ്ക്കണമെന്നും അല്ലാത്തപക്ഷം റവന്യൂ റിക്കവറി, പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

നൂറുകണക്കിന് ആളുകൾ ദിവസവും രാവിലെയും വൈകിട്ടും നടക്കാനും വ്യായാമത്തിനുമായി എത്തുന്ന പൊതുസ്ഥലമാണ് ഈ സ്റ്റേഡിയം. ഫുട്ബോൾ പരിശീലനത്തിനും കളികൾക്കുമായി പ്രദേശത്തെ യുവാക്കൾ ഈ ഗ്രൗണ്ടിനെയാണ് ആശ്രയിക്കുന്നത്. സൗത്ത് മാറാടി യുപി സ്കൂളിലെ കുട്ടികളുടെ കായിക പരിശീലനവും ഇവിടെ വച്ചാണ് നടക്കുന്നത്. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും കായികപ്രേമികൾക്കും ഏറെ പ്രയോജനകരമായ ഗ്രൗണ്ട് ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടതിൽ കായിക പ്രേമികൾ പ്രതിഷേധം രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button