കാർഡ് ഉപയോഗിച്ച് പണമെടുക്കാൻ നോക്കിയിട്ട് നടന്നില്ല, എടിഎം തകർത്ത യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ബാങ്ക് എടിഎം തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. ഇന്ത്യൻ ബാങ്കിന്റെ ഈഞ്ചയ്ക്കലിലെ എടിഎം തകർത്ത അമ്പലത്തറ സ്വദേശി ഉസ്മാനാണ് (25) അറസ്റ്റിലായത്. കഴിഞ്ഞ മാസം 19ന് രാത്രിയായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന പ്രതി എടിഎമ്മിൽ നിന്ന് കാർഡ് ഉപയോഗിച്ച് പണമെടുക്കാൻ നോക്കിയെങ്കിലും കിട്ടിയില്ല. ഇതിന്റെ ദേഷ്യത്തിൽ മെഷീൻ പൊളിക്കുകയായിരുന്നുവെന്നാണ് വിവരം. 25,000 രൂപയുടെ നാശനഷ്ടമാണ് വരുത്തിയത്. ഫോർട്ട് പൊലീസ് സ്റ്റേഷൻ സിഐ ആർ എസ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ആണ് അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഒടുവിൽ വള്ളകടവ് ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി ആറോളം കേസുകളിലെ പ്രതിയാണ് ഉസ്മാനെന്ന് പൊലീസ് പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു




