Uncategorized

ഗ്യാനേഷ് കുമാറിൻ്റെ രാജി: എം പിമാരുമായി രാജ്ഘട്ടിലേക്ക് നീങ്ങാൻ ഇൻഡ്യ സഖ്യം; പ്രതിഷേധത്തിന് ആഹ്വാനം നൽകി

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് നീങ്ങിയേക്കും. പ്രതിപക്ഷത്തെ എല്ലാ എംപിമാരും രാജ്ഘട്ടിലേക്ക് മാർച്ച് നടത്തും. എല്ലാ എംപിമാരെയും ഇന്നും ഉച്ചഭക്ഷണത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ക്ഷണിച്ചിട്ടുണ്ട്. ഉച്ചഭക്ഷത്തിന് ശേഷമാകും എം പിമാർ രാജ്ഘട്ടിലേയ്ക്ക് പ്രതിഷേധവുമായി നീങ്ങുക. ഇതോടെ തുടര്‍ച്ചയായ മൂന്നാം ദിനവും ദില്ലി പ്രതിപക്ഷ എംപിമാരുടെ മിന്നല്‍ പ്രതിഷേധത്തിന് വേദിയാകും. പ്രതിപക്ഷ പ്രതിഷേധത്തിൽ അണിനിരക്കാൻ മമതാ ബാനര്‍ജിയും ഡല്‍ഹിയിലേക്ക് ഉടന്‍ എത്തുമെന്നാണ് റിപ്പോർട്ട്. സമരത്തില്‍ അണിനിരക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് എഐസിസി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വന്‍ സേനാവിന്യാസം തലസ്ഥാനത്ത് ഇതിനകം അണിനിരന്നിട്ടുണ്ട്. ജന്തര്‍ മന്തര്‍ പരിസരത്ത് കനത്ത സുരക്ഷയും ഡല്‍ഹി പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി കോണ്‍ഗ്രസ് കമ്മിറ്റി പ്രവർത്തകരോട് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രാജ്ഘട്ടിലേക്ക് എത്താനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്. രാഹുല്‍ ഗാന്ധിക്ക് എതിരായുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധം നടത്തും. പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. പ്രതിഷേധ പരിപാടികളും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ജന്തര്‍ മന്തറില്‍ നടന്നത്. മൂന്ന് ബസുകളിലായി ജന്തര്‍ മന്തറിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ അശോക നഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി മുന്നോട്ട് നടന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റിയതോടെ സംഘര്‍ഷാവസ്ഥയിലായി. റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്ന പ്രിയങ്കയെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനിടെ പ്രിയങ്ക കയ്യില്‍ കരുതിയിരുന്ന ഭരണഘടന ഉയര്‍ത്തി വീണ്ടും പ്രതിഷേധിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button