ഡിഎംകെയെ വെട്ടാൻ വിജയ്‍യുടെ തന്ത്രം, സുവർണാവസരം മുന്നിൽക്കണ്ട് ബിജെപിയുടെ നീക്കങ്ങൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യം
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രഭാതഭക്ഷണ പദ്ധതിക്ക് മുൻ മുഖ്യമന്ത്രി കെ. കാമരാജിന്‍റെ പേര് നൽകിയ നടപടി വെറുമൊരു ക്ഷേമപദ്ധതിയുടെ പുനർനാമകരണത്തിനപ്പുറം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നു. മുൻപ് ഡിഎംകെ സർക്കാർ കൊണ്ടുവന്ന പദ്ധതിയിൽ കോൺഗ്രസ് ഇതിഹാസവും നാടാർ സമുദായ ഐക്കണുമായ കാമരാജിന്‍റെ പേര് പുനഃസ്ഥാപിച്ചതിലൂടെ, ദ്രാവിഡ രാഷ്ട്രീയ ശക്തികൾക്കെതിരെയുള്ള കൃത്യമായ നീക്കമാണ് വിജയ് നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ദക്ഷിണ തമിഴ്‌നാട്ടിൽ നിർണായക സ്വാധീനമുള്ള നാടാർ സമുദായത്തിലേക്ക് തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) സ്വാധീനം വ്യാപിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
സെപ്റ്റംബർ 22-നാണ് തമിഴ്‌നാട് സർക്കാർ പ്രഭാതഭക്ഷണ പദ്ധതിയെ ‘പെരുന്തലൈവർ കാമരാജർ ബ്രേക്ക്ഫാസ്റ്റ് സ്കീം’ എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. 2022 സെപ്റ്റംബറിൽ എം കെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി കൊണ്ടുവന്ന ഈ പദ്ധതി, ടിവികെ സർക്കാർ അധികാരത്തിലെത്തിയ ശേഷം കാമരാജിന്‍റെ ജന്മദിനമായ ജൂലൈ 15ന് ആറുമുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളിലേക്ക് വ്യാപിപ്പിച്ചിരുന്നു. 1956-ൽ അന്നത്തെ മദ്രാസ് സംസ്ഥാനത്ത് സ്കൂൾ കുട്ടികൾക്കായി ഉച്ചഭക്ഷണ പദ്ധതി ആദ്യമായി വിപുലീകരിച്ച കാമരാജിന്‍റെ പാരമ്പര്യം ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ പേരുമാറ്റം നടപ്പാക്കിയിരിക്കുന്നത്.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടാർ സമുദായം ഒബിസി വിഭാഗത്തിൽ ജനസംഖ്യാപരമായി രണ്ടാം സ്ഥാനത്താണ്. ഇതിൽ 40 ശതമാനത്തോളം പേർ ക്രിസ്ത്യൻ വിശ്വാസികളാണ്. ക്രൈസ്തവ വിശ്വാസിയായ മുഖ്യമന്ത്രി വിജയ്‍യോട് സ്വാഭാവിക അടുപ്പമുള്ള ഈ വിഭാഗത്തിന് പുറമെ, കാമരാജിന്‍റെ പേര് ഉയർത്തിക്കാട്ടുന്നതിലൂടെ ഹിന്ദു നാടാർ വിഭാഗങ്ങളെക്കൂടി ഒപ്പം നിർത്താനും ഡിഎംകെയ്ക്ക് കനത്ത വെല്ലുവിളി ഉയർത്താനുമാണ് ടിവികെ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, വിരുദുനഗർ തുടങ്ങിയ തെക്കൻ ജില്ലകളിൽ വലിയ സ്വാധീനമുള്ള ഈ സമുദായം സംസ്ഥാന വോട്ടുവിഹിതത്തിൽ ആറ് മുതൽ എട്ട് ശതമാനം വരെ നിർണായക പങ്കുവഹിക്കുന്നുണ്ട്. ദ്രാവിഡ പാർട്ടികൾക്ക് മുൻപുള്ള ബദൽ പാരമ്പര്യവും അഴിമതിരഹിത ഭരണവും ഉയർത്തിക്കാട്ടി ഡിഎംകെ-എഐഎഡിഎംകെ സമവാക്യങ്ങൾക്ക് പുറത്ത് സ്വന്തം അടിത്തറ ഉറപ്പിക്കാനാണ് വിജയ് ശ്രമിക്കുന്നത്.




