ഗ്യാനേഷ് കുമാറിനെതിരായ രാജി ആവശ്യം; പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ.ഇന്ത്യാ സഖ്യം എംപിമാരെയും അറസ്റ്റ് ചെയ്ത് നീക്കി.തലസ്ഥാനത്ത് വലിയ രീതിയിലുള്ള സംഘർഷമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയും പൊലീസ് കസ്റ്റഡിയിലായിരിക്കുകയാണ്.
ഡോ ജോൺ ബ്രിട്ടാസ് എം പി, എ എ റഹീം എം പി തുടങ്ങിയ നേതാക്കളെ ദില്ലി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ അതിശക്തമായ പ്രതിഷേധമാണ് ദില്ലിയിൽ അരങ്ങേറുന്നത്. പാർലമെൻറ് വളപ്പിൽ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധ മാർച്ച്. എന്നാൽ വഴിയിൽ പൊലീസ് തടഞ്ഞതോടെ എംപിമാർ വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.പൊലീസ് അതിക്രൂരമായി മർദ്ദിച്ച് വാഹനത്തിലേക്ക് തള്ളിക്കയറ്റിയെന്നും, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ബോധപൂർവ്വമായ ആക്രമണങ്ങൾ കൊണ്ട് തങ്ങളുടെ പോരാട്ടത്തെ ഒരിഞ്ചു പോലും പിന്നോട്ട് മാറ്റാനാവില്ലെന്നും എ.എ. റഹീം എം.പി പ്രതികരിച്ചു. പൊലീസ് വാഹനത്തിനുള്ളിൽ നിന്ന് പങ്കുവെച്ച സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ചോര ചിന്തിയാലും തെരുവുകളിലേക്ക് വീണ്ടും മടങ്ങിയെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.




