Uncategorized

മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റിലെ അഴിമതി ആരോപണം ; ഫ്ലാറ്റിൽ വിജിലൻസ് സംഘത്തിന്റെ പ്രാഥമിക പരിശോധന

കൊച്ചി: എൽഡിഎഫ് സർക്കാർ നിർമിച്ചു നൽകിയ മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റിലെ അഴിമതി ആരോപണത്തിൽ ഫ്ലാറ്റിൽ വിജിലൻസ് സംഘത്തിന്റെ പ്രാഥമിക പരിശോധന. ഡിവൈഎസ്പി രാജ് കുമാറിന്റെ നേത്യത്വത്തിലുള്ള സംഘവും സർക്കാർ എഞ്ചിനീയർമാരുമാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്. വിജിലൻസ് സംഘത്തിനൊപ്പം പി ഡബ്‌ള്യു ഡി ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച ശേഷം ഇതാദ്യമായിട്ടാണ് സംഘം പരിശോധനയ്ക്കായി ഇവിടെ എത്തുന്നത്.

ഗുരുതരമായ ക്രമക്കേടാണ് ഫ്ലാറ്റ് നിർമാണത്തിൽ നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു.തൃശൂരുള്ള നിർമാണ കമ്പനിയ്ക്കാണ് ജിസിഡിഎ ഫ്ലാറ്റിന്റെ കരാർ കൊടുത്തിരുന്നത്.

കയറിക്കിടക്കാൻ സുരക്ഷിതമായ കൂരയ്ക്കായി മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിലെ പി ആൻഡ് ടി നിവാസികൾ പ്രതിഷേധം തുടങ്ങിയിട്ട് കാലങ്ങളായി.2024 ലാണ് ​ഗാന്ധിന​ഗറിലെ പി ആൻഡ് ടി കോളനി നിവാസികൾക്കായുള്ള ലൈഫ് ഫ്ലാറ്റ് നിർമ്മാണം കൊച്ചി മുണ്ടംവേലിയിൽ പൂർത്തിയായത്. 18 കോടി മുടക്കിയാണ് മുൻ സർക്കാർ ഫ്ലാറ്റ് പണികഴിപ്പിച്ചത് . പഴയ ഓർമ്മകൾ നിലനിർത്താൻ പുതിയ താമസസ്ഥലത്തിന് പി ആൻഡ്‌ ടി (പീസ് ആൻഡ്‌ ട്രസ്റ്റ്‌) എന്നും പേരിട്ടു.

വാഗ്ദാനങ്ങൾ പലതും കേട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഫ്ലാറ്റ് പൊളിച്ചുകളേണ്ടി വരുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയോടെയാണ് കുടുംബങ്ങൾ വീണ്ടും പ്രതീക്ഷയിലേക്ക് എത്തിയത്. പലതവണ കേട്ട പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ പോലെ പുനരധിവാസവും കടലാസിലൊതുങ്ങുമോ എന്ന ഭയത്തിലാണ് ഇപ്പോഴും കുടുംബങ്ങൾ.ഫോർട്ട് കൊച്ചി തുരുത്തിയിലെ സർക്കാർ നിർമ്മിച്ച ഫ്ലാറ്റിലേക്ക് മാറ്റിപ്പാർപ്പിക്കുകയോ വാടകയ്ക്ക് വീട് നൽകുകയോ ചെയ്യണം എന്നായിരുന്നു ആദ്യം ജില്ലാ കളക്ടർ മുന്നോട്ട് വെച്ച നിർദേശം. എന്നാൽ തുരുത്തിയിലെ ഫ്ലാറ്റ് അർഹതപ്പെട്ട കുടുംബങ്ങൾക്ക് അനുവദിച്ചു കഴിഞ്ഞു. വാടകയ്ക്ക് വീട് നൽകുകയാണെങ്കിൽ അത് എത്രകണ്ട് പ്രവർത്തികമാകും എന്നതാണ് ആശങ്ക.

78 കുടുംബങ്ങളുടെ പുനരധിവാസമാണ് സർക്കാരിന് മുന്നിലുള്ളത്. താത്കാലിക പരിഹാരമുണ്ടാക്കിയാൽ പോലും എത്രകാലത്തേക്കാണ് എന്നതിലും വ്യക്തതയില്ല. നിലവിൽ ഫ്ലാറ്റിരിക്കുന്ന സ്ഥലത്ത് 110 kv വൈദ്യുതി ലൈൻ കടന്നു പോകുന്നതിനാൽ അവിടെത്തന്നെ കെട്ടിടം പണിയാനാകില്ല. മറ്റൊരു സ്ഥലം കണ്ടെത്തണം എന്നതും സർക്കാരിന് വെല്ലുവിളിയാണ്.

പുനരധിവാസത്തിനുള്ള സ്ഥലത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പട്ടയത്തോടുകൂടിയുള്ള ശാശ്വതമായ പുനരധിവാസമാണ് നിവാസികൾ ആവശ്യപ്പെടുന്നത്. അതിന് എത്രകാലം വീണ്ടും മുണ്ടംവേലിയിലെ ചോർന്നൊലിക്കുന്ന ഫ്ലാറ്റിൽ കാത്തിരിക്കണമെന്നാണ് ഇവർ ചോദിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button