ഇത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യം, രാജിവെച്ചെങ്കിൽ നല്ലത്’; ആർ ശ്രീലേഖയുടെ രാജിയിൽ ശാസ്തമംഗലം വാർഡുകാരുടെ പ്രതികരണം

.
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തിൽ പ്രതികരണവുമായി ശ്രീലേഖ പ്രതിനിധീകരിക്കുന്ന ശാസ്തമംഗലം വാർഡിലെ വോട്ടർമാർ. ശ്രീലേഖയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം നേതൃത്വത്തെ വിരട്ടാനാണെന്ന് ചിലർ പറയുമ്പോൾ കൗൺസിലർ സ്ഥാനം ശ്രീലേഖയ്ക്ക് പറ്റുന്നതല്ലെന്നാണ് മറ്റുചിലരുടെ പ്രതികരണം. ശ്രീലേഖ രാജിവെച്ചാലും കോർപറേഷൻ ഭരണസമിതിയെ ബാധിക്കില്ലെന്നും ചിലർ വ്യക്തമാക്കി.
കൗൺസിലറായി അവസാനം വരെ പോകാൻ പറ്റില്ലെന്ന കാര്യം മാഡത്തിനും നാട്ടുകാർക്കും അറിയാമെന്നാണ് ഒരാളുടെ പ്രതികരണം. ഒന്ന് വിരട്ടുക, അത്രയാണ് ഇപ്പോൾ നടക്കുന്നതെന്ന് മറ്റൊരാൾ പറഞ്ഞു. രാജിവെച്ചെങ്കിലും വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വേറെ ഒരാളുടെ ശുഭാപ്തി വിശ്വാസം.
രാഷ്ട്രീയത്തിൽ സ്ഥിരതയും വ്യക്തതയുമുള്ള ആളുകൾ മത്സരിക്കണമെന്നാണ് തൻ്റെ കാഴ്ചപ്പാടെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. പൊതുപ്രവർത്തനവുമായി യാതൊരു ബന്ധവുമില്ലാത്തവർ മത്സരിച്ചാൽ ഇങ്ങനെയിരിക്കും. ഇത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി




