Uncategorized

അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കില്ലെന്ന് സർക്കാർ: ചര്‍ച്ച പരാജയം; സമരം തുടരാന്‍ LPST റാങ്ക് ഹോള്‍ഡേഴ്സ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് നടത്തിവരുന്ന സമരം തുടരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീനുമായി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. ലിസ്റ്റ് കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക, അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളായിരുന്നു സമര സമിതി മുന്നോട്ടുവെച്ചത്. എന്നാല്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതോടെയാണ് സമരം തുടരാന്‍ സമര സമിതി തീരുമാനിച്ചത്.

അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുന്നത് സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്ന് സമര സമിതി നേതാവ് വളര്‍മതി പറഞ്ഞു. എയ്ഡഡ് സ്‌കൂളിലെ കോഴ വാങ്ങിച്ച് നിയമനം നല്‍കിയ അധ്യാപകര്‍ക്ക് അപ്രൂവല്‍ കൊടുക്കുന്നത് ബാധ്യത വരുത്തില്ലേ എന്ന ചോദ്യവും വളര്‍മതി ഉന്നയിച്ചു. അനുപാതം കുറയ്ക്കാതെ ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കിയിട്ടും തങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ല. സര്‍ക്കാരിന് യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കാത്ത ആവശ്യങ്ങള്‍ മാത്രമാണ് മുന്നോട്ടുവെച്ചതെന്നും വളര്‍മതി പറഞ്ഞു. 1:25 എന്ന അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം മാറ്റാതെ ലിസ്റ്റിലുള്ള ആര്‍ക്കും ജോലി ലഭിക്കില്ലെന്നും അനുപാതം കുറയ്ക്കാതെ ചര്‍ച്ച വിജയകരമാണെന്ന് പറയാന്‍ കഴിയില്ലെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയത്. 2025 മെയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നാമമാത്രമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. പല ജില്ലകളിലും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. പ്രതീകാത്മകമായി പുല്ലുതിന്നും മണ്ണ് തിന്നുമായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍ സമരം കടുപ്പിച്ചത്. വളര്‍മതിയുടെ നിരാഹാരം പതിമൂന്ന് ദിവസം പിന്നിട്ടിരുന്നു. സമരം ശക്തമായതോടെയായിരുന്നു മന്ത്രി സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. അന്നു നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം 45 ദിവസത്തിനു ശേഷം ഇന്നു നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെടുകയായിരുന്നു. ഇതോടെ സമരം തുടരാനാണ് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button