പാലാ നഗരസഭ യോഗത്തിനിടെ നാടകീയ രംഗങ്ങൾ; ചെയർപേഴ്സന്‍റെ മൈക്ക് തട്ടി മാറ്റി, ബിനു പുളിക്കകണ്ടത്തിനെതിരെ പരാതി

കോട്ടയം: പാലാ നഗരസഭ കൗൺസിൽ യോഗത്തിനിടെ നാടകീയ രംഗങ്ങൾ. നഗരസഭാ ചെയർപേഴ്സൺ മായ രാഹുൽ സംസാരിക്കുന്നതിനിടയിൽ കൗൺസിലർ ബിനു പുളിക്കകണ്ടം മൈക്ക് തട്ടി മാറ്റി. നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതികൾ കൗൺസിലിൽ ചർച്ച ചെയ്തില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യുഡിഎഫ് കൗൺസിലർമാരും ഡയസിന് മുന്നിൽ പ്രതിഷേധിച്ചു. ഇതിനിടെ അജണ്ടകൾ പാസാക്കിയെന്നു പറഞ്ഞു ചെയർപേഴ്സൺ മായ രാഹുൽ ഇറങ്ങിപ്പോയി.നഗരസഭാ ചെയർപേഴ്സന്‍റെ മൈക്ക് തട്ടി മാറ്റിയ സംഭവത്തിൽ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെതിരെ പൊലീസിൽ പരാതി. ചെയർപേഴ്സണ്‍ മായ രാഹുൽ ആണ് പാലാ പൊലീസിൽ പരാതി നൽകിയത്. നഗരസഭയുടെ പൊതുമുതലിന് നാശം വരുത്തി എന്നാണ് പരാതി. ബിനു പുളിക്കകണ്ടം നഗരസഭയിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കിയെന്നും ഇതുമൂലം വനിതാ കൗൺസിലർമാർക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായെന്നും പരാതിയിൽ പറയുന്നു.




