21 ദിവസം പ്രായമായ കുഞ്ഞിന് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്ന്; ഇടുക്കി മെഡിക്കല്‍ കോളേജിനെതിരെ പരാതി

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി പരാതി. കഴുത്തിലെ അലര്‍ജിക്ക് ചികിത്സ തേടിയെത്തിയ കുടുംബത്തിനാണ് ഫാര്‍മസിയില്‍ നിന്നും മരുന്ന് ലഭിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തിയ ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിന്‍ സണ്ണിയുടെ കുഞ്ഞിനാണ് കലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്. കുഞ്ഞിന് നല്‍കുന്നതിന് മുമ്പ് കാലാവധി പരിശോധിച്ചതിനാല്‍ അപകടം ഒഴിവായി എന്നാണ് കുടുംബം പറയുന്നത്.
2024 ജൂണില്‍ നിര്‍മ്മിച്ച് രണ്ട് വര്‍ഷം കാലാവധിയുണ്ടായിരുന്ന ഓയിന്റ്‌മെന്റാണ് നല്‍കിയത്. സംഭവത്തില്‍ കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുകയാണ്. പരാതിയില്‍ ആശുപത്രി സൂപ്രണ്ട് ഫാര്‍മസി ജീവനക്കാരോട് റിപ്പോര്‍ട്ട് തേടി. എന്നാല്‍ ഈ മരുന്ന് ഫാര്‍മസിയില്‍ സ്റ്റോക്കില്ലെന്ന നിലപാടിലാണ് ഫാര്‍മസി ജീവനക്കാര്‍. ജലദോഷവും കഴുത്തിലെ അലര്‍ജിയുമായാണ് 21 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് എത്തിക്കുന്നത്. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ വലിയ പ്രശ്‌നമില്ലെന്നും ഒരു ഓയിന്റ്‌മെന്റ് പുരട്ടിയാല്‍ മതിയെന്നും നിര്‍ദ്ദേശിച്ച് മരുന്ന് കുറിച്ചു നല്‍കുകയായിരുന്നു. ഡോക്ടര്‍ എഴുതി നല്‍കിയ കുറിപ്പടിയുമായി ഫാര്‍മസിയില്‍ എത്തിയപ്പോഴാണ് സോബിന് അവിടെ നിന്ന് മരുന്ന് നല്‍കുന്നത്. പിന്നാലെ വീട്ടില്‍ എത്തി കാലാവധി പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ് മൂന്ന് മാസം പഴക്കമായ മരുന്നാണ് നല്‍കിയതെന്നറിയുന്നത്.




