Uncategorized

‘മാധ്യമ ബലാത്സംഗം’ നടത്തുന്ന കൊള്ളസംഘമാണ് ആന്റോയുടെ സ്ഥാപനം; ടിആർപി കൂട്ടാൻ വ്യക്തിഹത്യ ചെയ്യുന്നു; ഗുരുതര ആരോപണങ്ങളുമായി ടോം ജോസഫ്

കൊച്ചി: മാധ്യമ ബലാത്സംഗം നടത്തുന്ന കൊള്ള സംഘമായി റിപ്പോർട്ടർ ടിവി മാറിയെന്നും തനിക്കെതിരായ വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും ജെയിൻ യൂണിവേഴ്സിറ്റി ചെയർമാൻ ടോം ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രിമിനൽ കുറ്റം തെളിയിക്കപ്പെടുന്നത് വരെ കുറ്റാരോപിതൻ മാത്രമാണെന്ന ഭരണഘടനാ തത്വം കാറ്റിൽപ്പറത്തി വ്യക്തിഹത്യ നടത്താനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. പൊലീസിന്റെ കുറ്റപത്രമോ എഫ്ഐആറോ പരിശോധിക്കാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. റിപ്പോർട്ടർ ടിവി പണം വാങ്ങി നൽകിയ മെമൻ്റോ തിരികെ നൽകാൻ വന്നതാണെന്ന് വ്യക്തമാക്കിയാണ് ടോം ജോസഫിന്റെ പ്രസ്ത‌ാവന.

കഴിഞ്ഞ ഏഴ് ദിവസമായി റിപ്പോർട്ടർ ടിവിയും അവരുടെ മാധ്യമപ്രവർത്തകരായ അരുൺകുമാറും ആൻ്റോയും 52-ഓളം വ്യാജ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിച്ചിട്ടും വിശദീകരണം ചോദിക്കാൻ തയാറായിട്ടില്ല. തന്റെ സ്ഥാപനത്തിൽ നിന്ന് മുൻകാലങ്ങളിൽ പരസ്യങ്ങൾ സ്വീകരിച്ച ചാനലാണിത്. അഞ്ച് മാസം മുൻപ് സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് തനിക്ക് തന്ന അവാർഡ് തന്റെ അഭാവത്തിൽ ഫിനാൻസ് ഡയറക്ടറാണ് ഏറ്റുവാങ്ങിയത്. മെസ്സി പങ്കെടുക്കുന്ന പരിപാടിക്കായി 100 കോടി രൂപയുടെ പ്രൊപ്പോസൽ തനിക്ക് നൽകിയിരുന്ന കാര്യവും ജെയിൻ യൂണിവേഴ്‌സിറ്റിയെ പ്രശംസിച്ച് റിപ്പോർട്ടർ ടിവി ആങ്കർ സംസാരിച്ച വീഡിയോയും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളും തങ്ങളിൽ നിന്ന് പരസ്യങ്ങൾ കൈപ്പറ്റിയിട്ടുണ്ട്. 2012ൽ തനിക്കെതിരെ ആരോപിക്കപ്പെട്ട കേസ് വ്യാജ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ടതല്ല, വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആരോപണം മാത്രമാണ്. ഇവ രണ്ടും രണ്ടാണ്. നിലവിൽ ചെയ്യുന്ന ജോലിയുമായി കേസിനെ കൂട്ടിക്കെട്ടി സ്ഥാപനത്തിൻ്റെയും തൻ്റെയും പ്രതിച്ഛായ തകർത്ത് ടിആർപി കൂട്ടാനാണ് മാധ്യമങ്ങളുടെ ശ്രമം. കെസിവൈഎം സംഘടനയെ മറയാക്കി പണം തട്ടിയെന്ന ആരോപണത്തിൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

2012ലെ കേസിന് ശേഷം പേര് മാറ്റി എന്ന പ്രചാരണം അസത്യമാണ്. വിദേശയാത്രകളിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം 2018ലാണ് ടോം ബേബി മണ്ണപ്പുറത്ത് എന്ന പേര് ടോം മണ്ണപ്പുറത്ത് ജോസഫ് എന്ന് തിരുത്തിയത്. കുടുംബപേരും മാമോദീസാ പേരും ചേർത്താണ് പേര് മാറ്റിയത്. രണ്ട് ഐഡന്റിറ്റി നിർമിച്ച് തട്ടിപ്പ് നടത്തിയെന്ന വാദം തെറ്റാണെന്നും നിർമൽ ഇൻഫോപാർക്കിൽ തന്നെയാണ് ഇപ്പോഴും ബിസിനസ് തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജെയിൻ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ്ക്യാമ്പസ് സെന്ററിന്റെ അംഗീകാരത്തിനായി 2019 മുതൽ 2024 വരെ നിയമപോരാട്ടം നടത്തിയിട്ടുണ്ട്. ഓഫ്്യാമ്പസ് എന്ന കാര്യം മറച്ചുവെച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. 4000 വിദ്യാർഥികളും 275 ജീവനക്കാരും സ്ഥാപനത്തിലുണ്ട്. മുൻപ് ഓഫ്ക്യാമ്പസിനാണ് അപ്രൂവൽ വെയിറ്റ് ചെയ്യുന്നതെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾ തന്നെയാണ് ഇപ്പോൾ തെറ്റിദ്ധരിപ്പിച്ചു എന്ന വ്യാജ വാർത്ത നൽകുന്നതെന്നും ടോം ജോസഫ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button