ലവ്ലി യൂണിവേഴ്സിറ്റിയിലേത് അതീവ ഗൗരവമുള്ള സംഭവം; നീതി നടപ്പാക്കണം: പിണറായി വിജയന്

ചണ്ഡീഗഡ്: പഞ്ചാബിലെ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ ഉണ്ടായിരിക്കുന്ന സംഭവങ്ങളെ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. യൂണിവേഴ്സിറ്റി കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ടെന്ന ആരോപണത്തിലാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്. ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ സര്‍വകലാശാലാ സ്ഥാപകനും ചാന്‍സലറുമായ ബിജെപി എം പി അശോക് കുമാര്‍ മിത്തലും മാനേജ്മെന്റും പ്രതിഷേധത്തെ പൊലീസിനെയും സംഘപരിവാര്‍ ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് മുതിര്‍ന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പെണ്‍കുട്ടിക്കെതിരെ നടന്ന അതിക്രമത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. സമഗ്രവും സുതാര്യവുമായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളില്‍ മാനേജ്മെന്റിന്റെ പങ്കുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം ഉറപ്പുവരുത്തണമെന്നും പിണറായി കുറിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കാമ്പസില്‍ 10 ദിവസത്തേക്ക് ക്ലാസുകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍, അവിടെയുള്ള 1500ലധികം മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുക എന്നതാണ് മറ്റൊരു അടിയന്തര ആവശ്യമായി പിണറായി വിജയന് ഉയര്‍ത്തിക്കാട്ടിയത്. ജലന്ധറില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് കേരളത്തിലേക്കും വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി എത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ടിക്കറ്റ് ക്ഷാമം നേരിടാമെന്നതിനാല്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിനുകളോ അധിക കോച്ചുകളോ അനുവദിക്കാന്‍ തയ്യാറാകണം. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും പിണറായി വിജയന് ചൂണ്ടിക്കാട്ടി.
അതേസമയം, പഞ്ചാബ് ലൗലി സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളിയെ വിട്ടയച്ചു. ഇന്നലെ കസ്റ്റഡിയിലെടുത്ത കൊല്ലം സ്വദേശിയെയാണ് വിട്ടയച്ചത്.




