Uncategorized

അശ്ലീല ചാറ്റ്, ഭീഷണി; കുടുങ്ങിയവരിൽ പൊലീസും രാഷ്ട്രീയ പ്രമുഖരും, അമ്മയെ പൊള്ളിച്ച ‘അശ്വതി അച്ചു’ സ്‌ഥിരം കുറ്റവാളി

കൊല്ലം സ്വത്തുതർക്കത്തെ
തുടർന്ന് അമ്മയുടെമേൽ തിളച്ചവെള്ളം ഒഴിച്ച് പൊള്ളിച്ച കൊല്ലം ശൂരനാട് സ്വദേശി അശ്വതി (അശ്വതി അച്ചു) സ്‌ഥിരം കുറ്റവാളി. ഹണിട്രാപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അശ്വതി സമൂഹമാധ്യമങ്ങളിൽ അശ്വതി അച്ചു എന്ന പേരിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്‌ടിച്ച് നടത്തിയ തട്ടിപ്പിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ കുടുങ്ങിയിട്ടുണ്ട്.

മറ്റു പെൺകുട്ടികളുടെ മുഖ ചിത്രം ഉപയോഗിച്ചും പല പേരുകളിൽ അക്കൗണ്ടുകൾ സൃഷ്ടിച്ചും തട്ടിപ്പിന്റെ വിവിധരീതികൾ അശ്വതി പരീക്ഷിച്ചു. പലരും അതിൽ വീണു. പണം നഷ്ടപ്പെട്ടെങ്കിലും നാണക്കേട് ഓർത്ത് ആരും പുറത്തുപറഞ്ഞില്ല. ഒടുവിൽ വിവാഹവാഗ്ദാനം നൽകി പണം തട്ടിയെന്ന 68കാരന്റെ പരാതിയിൽ 2023ൽ അശ്വതിക്ക് പിടിവീണു. പിന്നാലെ ജാമ്യം നേടി പുറത്തിറങ്ങി. സ്വത്ത് തർക്കത്തെത്തുടർന്ന് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇന്നലെ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ചെന്ന് പരാതിയിൽ ചടയമംഗലം പൊലീസ് കേസെടുത്തു. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ അശ്വതിക്കായി അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

. തട്ടിപ്പിന്റെ പലവഴികൾ

സാമ്പത്തിക തട്ടിപ്പും ഹണിട്രാപ്പും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അശ്വതി ഉന്നതരെയടക്കം നിരവധി പേരെ അതിവിദഗ്‌ധമായി വലയിൽ വീഴ്ത്തി. തട്ടിപ്പിനിരയായ ചില പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പരാതിയുമായി മുന്നോട്ട് വന്നിരുന്നുവെങ്കിലും പിന്നീട് അന്വേഷണവുമായി സഹകരിക്കാതിരുന്നതോടെ തുടർ നടപടികൾ ഉണ്ടായില്ല. പൊലീസുകാരെ തിരഞ്ഞു പിടിച്ച് സൗഹൃദം സ്ഥ‌ാപിക്കുകയായിരുന്നു യുവതിയുടെ രീതി. അശ്ലീല ചാറ്റ് നടത്തുകയും പിന്നീട് ചാറ്റുകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്യും.

കൊല്ലം റൂറൽ പൊലീസിലെ ഉദ്യോഗസ്‌ഥന്റെ പരാതിയിലാണ് 2022ൽ അശ്വതിക്കെതിക്കെതിരെ ആദ്യം കേസ് എടുത്തത്.

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ ശേഷം പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് അന്ന് പൊലീസുകാരൻ നൽകിയ പരാതിയിൽ പറഞ്ഞത്. ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിൽ അശ്വതിക്കെതിരെ കേസെടുത്തിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട സംഭാഷണവും പുറത്തു വന്നിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയെങ്കിലും പാതിവഴിയിൽ അന്വേഷണം നിലച്ചു. ഇത് പൊലീസിൽ അശ്വതിക്കുള്ള സ്വാധീനം കൊണ്ടാണെന്ന ആക്ഷേപം നിലനിന്നിരുന്നു.

‘ഭിന്നശേഷിക്കാരിയായ മകളെ സംരക്ഷിക്കാം’; വലയിൽ വീണത് 68കാരൻ

ഭാര്യ മരിച്ച ശേഷം ഭിന്നശേഷിക്കാരിയായ മകളെ നോക്കാൻ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് പൂവാർ സ്വദേശിയായ അറുപത്തിയെട്ടുകാരൻ രണ്ടാം വിവാഹത്തിനൊരുങ്ങിയത്. ചില ബ്രോക്കർമാരെ സമീപിക്കുകയും ചെയ്തു. ഇടനിലക്കാർ മുഖേനയാണ് അശ്വതി 68കാരനുമായി ബന്ധം സ്ഥാപിക്കുന്നത്. വിവാഹത്തിന് തയാറാണെന്നും അതിനു മുൻപ് തന്റെ കടം തീർക്കാനായി 40,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.

ഫോൺ വിളിച്ചാൽ എടുക്കാതെയായി. നേരിട്ട് കണ്ടപ്പോൾ ചീത്തവിളിക്കുകയും ചെയ്തു. ഇതോടെയാണ് 68കാരൻ പൊലീസിൽ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി 40,000 രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. അശ്വതിയെ സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പോൾ, പണം കടമായി വാങ്ങിയതാണെന്നും തിരികെ നൽകാം എന്നുമായിരുന്നു ഇവർ പൊലീസിനെ അറിയിച്ചത്. എന്നാൽ ഇവർ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് അശ്വതിയെ പൊലീസ് അറസ്‌റ്റ് ചെയ്തത്. പൊലീസിനെ വട്ടം ചുറ്റിച്ച അശ്വതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതി വാടകയ്ക്കു താമസിച്ചിരുന്ന മുട്ടടയിലെ ഫ്ലാറ്റിൽ നിന്ന് 2023 മേയിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച് കൊടുംക്രൂരത

വീടും സ്‌ഥലവും എഴുതി നൽകാൻ ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം അശ്വതി അമ്മ രാധാമണിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ചത്. അശ്വതിയുടെ മകൾ അമൃതയും രാധാമണിയെ ഉപദ്രവിച്ചു. സംഭവത്തിൽ അശ്വതിക്കും മകൾ അമൃതയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ചടയമംഗലം പൊലീസ് കേസെടുത്തു. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ അശ്വതിക്കും മകൾക്കുമായുള്ള അന്വേഷണം തുടരുകയാണ്. എട്ട് മാസം മുൻപ് പിതാവ് അശോകന്റെ മുഖത്ത് അശ്വതി തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ആ സംഭവത്തിലും അശ്വതിക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button