കസ്റ്റഡിയിൽ എടുത്ത യുവതിയെ പീഡിപ്പിച്ചെന്ന് ആരോപണം; ഡിവൈഎസ്‌പിയെ സർവീസിൽ തിരിച്ചെടുക്കാനുള്ള നീക്കം മരവിപ്പിച്ചു

കോഴിക്കോട് കസ്റ്റഡിയിൽഎടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പി എ.ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. ചേവായൂർ ബാങ്ക് ക്രമക്കേടിൽ ഇടതു നേതൃത്വവുമായി ഒത്തുകളിച്ചെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിക്കുന്ന ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കരുതെന്നു കാട്ടി ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ചേവായൂരിൽ വച്ച് നേരിൽ കണ്ട് പരാതി ഉന്നയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ ആഭ്യന്തര മന്ത്രി നിർദേശിച്ചതെന്നാണ് വിവരം.
വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് ഉമേഷിനെ തിരിച്ചെടുക്കുന്നതെന്നാണ് വാർത്തകൾ വന്നതെങ്കിലും സസ്പെഷൻ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുതല നടപടി കൂടി വിശദമാക്കുന്ന ഉത്തരവ് പുറത്തുവന്നിരുന്നില്ല. ഉമേഷിന്റെ സർവീസ് കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴായിരുന്നു സർവീസിൽ തിരിച്ചെടുക്കാനുള്ള നീക്കം.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് ഉമേഷിനെതിരെ ആരോപണം ഉണ്ടായിരുന്നത്. 2014 ൽ വടക്കാഞ്ചേരി സർക്കിൾ ഇൻസ്പെകടറായി ഉമേഷ് പ്രവർത്തിക്കുമ്പോൾ കീഴുദ്യോഗസ്ഥൻ ആയി ഉണ്ടായിരുന്നയാളാണ് ബിനു തോമസ്. അനാശാസ്യത്തിന് പിടികൂടിയ യുവതിയെ കേസിൽനിന്ന് ഒഴിവാക്കാമെന്നു പറഞ്ഞു പീഡിപ്പിക്കുകയും മറ്റു നാലു യുവാക്കളിൽനിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്നത്.
ഔദ്യോഗിക ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ബിനുവിന്റെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതിനു പിന്നാലെ ആരോപണങ്ങൾ ശരിവച്ച് യുവതി പാലക്കാട് പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപിക്ക് പാലക്കാട് ജില്ലാ പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് ഉമേഷിനെതിരെ വകുപ്പുതല നടപടിക്ക് ആഭ്യന്തര വകുപ്പിനോട് ശുപാർശ ചെയ്തത്. ഇതിനു പിന്നാലെ 2025 നവംബർ 30 ന് ഉമേഷിനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറത്തിറക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ ഇരയായ യുവതി പരാതി നൽകാതിരുന്നതിനാൽ കൂടുതൽ നടപടികളിലേക്ക് കടന്നിരുന്നില്ല.ഉമേഷിനെ തിരിച്ചെടുക്കാനുളള തീരുമാനം വന്നതിനു പിന്നാലെ കോഴിക്കോട് ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽനിന്ന് അതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിയിൽ എതിർപക്ഷവുമായി ഉമേഷ് ഒത്തുകളിച്ചുവെന്ന ആരോപണം കൂടി നിലനിൽക്കുന്നതിനിടെ ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തെന്ന വാർത്ത പുറത്തുവന്നത് ജില്ലാ കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിൽ ആക്കിയിരുന്നു.ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) രൂപീകരിച്ചതിനു പിന്നാലെ സംഭവത്തിൽ ആരോപണ വിധേയനായ ഡിവൈഎസ്‌പി ഉമേഷിനെ വീണ്ടും സർവീസിൽ എടുക്കുന്നതിനെതിരെയാണ് കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ എംഎൽഎ, കെ.ജയന്ത് എംഎൽഎ തുടങ്ങിയ നേതാക്കൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് എതിർപ്പ് വ്യക്തമാക്കിയത്. വിഷയം രാഷ്ട്രീയ ചർച്ച കൂടി ആയതോടെയാണ് ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയെന്നാണ് വിവരം.മുക്കം ബാങ്ക് സിപിഎമ്മിന് പിടിച്ചുകൊടുത്ത എസിപി ഉമേഷ് തിരിച്ച് സർവീസിൽ കയറുന്നത് സ്വാഭാവികമാണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സമൂഹമാധ്യമത്തിൽ കഴിഞ്ഞ ദിവസം കുറിപ്പിട്ടിരുന്നു. പൊലീസിന്റെ ഇരട്ടത്താപ്പ് ആരെ സംരക്ഷിക്കാനെന്നു സൂചിപ്പിച്ച് യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിലും സമൂഹമാധ്യമത്തിൽ പ്രതികരിച്ചിരുന്നു.




