സാമുറായികൾക്ക് മുന്നിൽ വിറച്ച് ഇന്ത്യൻപട; ജയം രണ്ട് റൺസിന്

ജപ്പാനിനെതിരെ നടന്ന ഏക ടി-20 മത്സരത്തിൽ വിറച്ച് ജയിച്ച് ഇന്ത്യ. മഴമൂലം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ രണ്ട് റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെയുത്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജപ്പാനിന് 30 റൺസെടുക്കാനാണ് സാധിച്ചത്.
ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴച്ചു. റൺസൊന്നും എടുക്കതെ അഭിഷേക് ശർമയെ നഷ്ടമായി. ചാർലി ഹാര-ഹിൻസാണ് താരത്തെ മടക്കിയത്. പിന്നാലെ ഒമ്പത് റൺസുമായി സഞ്ജു സാംസണും മൂന്ന് റൺസുമായി ഇഷാൻ കിഷാനും മടങ്ങി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 16 റൺസെടുത്ത് സ്കോർ 30 കടത്തിയെങ്കിലും താരത്തെ ചാർലി തന്നെ മടക്കി. തിലക് വർമ ഒരു റൺസുമായും ശിവം ദുബെ റൺസൊന്നും എടുക്കാതെയും പുറത്താകതെ നിന്നു.
ചരിത്ര വിജയം മുന്നിൽ കണ്ട് ഇറങ്ങിയ ജപ്പാനിന് ഇന്ത്യൻ ബോളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഓപണർ ലാക്ലാൻ യമമോട്ടോ-ലേക് ഒരു റൺസെടുത്ത് റൺഔട്ടായി. സ്കോർബോർഡ് ഏഴിൽ നിൽക്കെ ഇബ്രാഹിം തകാഷി നാല് റൺസെടുത്ത് പുറത്തായി. അവസാന ഓവറിൽ എട്ടു റൺസ് മാത്രമാണ് വേണ്ടിയിരുന്നെങ്കിലും അക്സർ പട്ടേൽ വെറും 5 റൺസ് വഴങ്ങി നാണക്കേടിൽ നിന്ന് രക്ഷിക്കുകയായിരുന്നു. 12 റൺസെടുത്ത് പുറത്തായ ക്യാപ്റ്റൻ കെൻഡൽ കഡോവാക്കി-ഫ്ലെമിംഗിനെ നാലാം ഓവരിൽ മടക്കിയതാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.




