Uncategorized

ഗവേഷകരെ DSUവില്‍ നിന്ന് ഒഴിവാക്കി പ്രത്യേക യൂണിയന്‍ രൂപീകരിക്കും;കാലിക്കറ്റ് വിസിയുടെ നിര്‍ദ്ദേശത്തിനെതിരെ SFI

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടിമെന്റ് സ്റ്റുഡന്റ്‌സ് യൂണിയനില്‍ നിന്ന് ഗവേഷക വിദ്യാര്‍ത്ഥികളെ ഒഴിവാക്കി പ്രത്യേക യൂണിയന്‍ രൂപീകരിക്കാന്‍ നീക്കവുമായി വൈസ് ചാന്‍സിലര്‍ പി രവീന്ദ്രന്‍. ശനിയാഴ്ച ചേര്‍ന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് അവസാന മണിക്കൂറില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഔട്ട് ഓഫ് അജണ്ട ആയി ഉള്‍പ്പെടുത്തിയത്. ഇത് പ്രകാരം കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെയും അഫിലിയേറ്റഡ് ഗവേഷക സെന്ററുകളിലെയും ഫുള്‍ ടൈം ഗവേഷകര്‍ക്ക് പ്രത്യേക യൂണിയന്‍ രൂപീകരിക്കാനാണ് നിര്‍ദ്ദേശം.

എന്നാല്‍ വിഷയം മുന്‍ നിശ്ചയിച്ച അജണ്ട അല്ലെന്നും വിശദമായി പഠനം നടത്താതെ തീരുമാനമെടുക്കരുതെന്നുമാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം. ഈ ആവശ്യം പരിഗണിക്കാതെ വന്നതേടെ എല്‍ഡിഎഫ് ആംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങുകായായിരുന്നു. വൈസ് ചാന്‍സിലറുടെ നിര്‍ദ്ദേശത്തിനെതിരെ എസ്എഫ്‌ഐയുടെ ഗവേഷക സംഘടന എകെആര്‍എസ്എയും രംഗത്ത് വന്നു. വൈസ് ചാന്‍സിലര്‍ യുഡിഎസ്എഫിന്റെ അജണ്ട അതുപേലെ എഴുതി വായിക്കുകയാണെന്നാണ് എസ്എഫ്‌ഐ ഉയര്‍ത്തുന്ന വിമര്‍ശനം.

കഴിഞ്ഞ വര്‍ഷത്തിന് മുമ്പ് വരെ ഗവേഷകര്‍ക്ക് ക്യാമ്പസില്‍ വോട്ട് അവകാശം ഉണ്ടായിരുന്നില്ല. പിന്നാലെ എസ്എഫ്‌ഐ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഗവേഷകര്‍ക്ക് ഡിഎസ്‌യുവിന്റെ ഭാഗമായി വോട്ടവകാശം ലഭിക്കുന്നത്. പിന്നാലെ വലിയ ഭൂരിപക്ഷത്തില്‍ എസ്എഫ്‌ഐ തെരഞ്ഞടുപ്പ് വിജയിക്കുന്ന സാഹചര്യമുണ്ടായി. ഭൂരിഭാഗം ഗവേഷക വോട്ടും തങ്ങള്‍ക്കാണ് ലഭിച്ചതെന്നാണ് എസ്എഫ്‌ഐ അവകാശപ്പെടുന്നത്. എംഎസ്എഫിനും കെഎസ്‌യുവിനും ഗവേഷകരുടെ ഇടയില്‍ സ്വാധീനം ഇല്ലാത്തതിനാല്‍ നിലവിലെ തെരഞ്ഞടുപ്പ് ഘടനയില്‍ ഡിഎസ്‌യു വിജയിക്കാന്‍ സാധിക്കില്ല. അതിനുള്ള എളുപ്പവഴിയായാണ് ഗവേഷകരുടെ വോട്ട് ഡിഎസ്‌യുവില്‍ നിന്ന് വെട്ടിമാറ്റാനുള്ള ശ്രമം എന്നാണ് എസ്എഫ്‌ഐ ഉയര്‍ത്തുന്ന ആക്ഷേപം.

കൂടാതെ അഫിലിയേറ്റഡ് കോളേജുകളിലെ റിസര്‍ച്ച് സെന്ററുകളിലെ ഗവേഷക വിദ്യാര്‍ത്ഥികളെ ചേര്‍ത്തുള്ള ഒറ്റ യുണിയാനാണ് വൈസ് ചാന്‍സിലറുടെ നിര്‍ദ്ദേശത്തിലുള്ളത്. എന്നാല്‍ ക്യാമ്പസുകളിലെ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദ്യാര്‍ത്ഥികളായ ഗവേഷകരെ കേന്ദ്രീകൃത യൂണിയന്റെ ഭാഗമാക്കുന്നത് അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതില്‍ പരിമിതി ഉണ്ടാക്കുമെന്നും എകെആര്‍എസ്എ ചൂണ്ടിക്കാട്ടുന്നു. വിസി നിര്‍ദ്ദേശിച്ച റിസര്‍ച്ച് യൂണിയനില്‍ ഫൈന്‍ ആര്‍ട്ട്‌സ് സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍, മാഗസിന്‍ എഡിറ്റര്‍ എന്നീ പോസ്റ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് ഗവേഷകരുടെ കലാ കായിക സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കാരണമാകുമെന്ന വിമര്‍ശനവും ശക്തമാണ്. ഡിഎസ്‌യുവിന്റെ കീഴില്‍ കലാ കായിക സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഗവേഷകര്‍ക്ക് കൃത്യമായി ഇടപെടാന്‍ അവസരമുണ്ടായിരുന്നെന്നും എസ്എഫ്‌ഐ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ സര്‍വകലാശാല ക്യാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമാല്ലാത്ത സെന്ററുകളെ ഡിഎസ്‌യുവിന്റെ ഭാഗമായി ഉള്‍പ്പെടുത്താനും വി സി നിര്‍ദ്ദേശിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button