Uncategorized

സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

കൊച്ചി: എറണാകുളത്ത് സുഹൃത്ത് പെട്രോളിഴിച്ച് തീകൊളുത്തിയതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കാട് പൊതുകുന്നത് അരുൺ പ്രകാശ് (31) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ജിഷ്ണു, ചന്ദ്രൻ എന്നീ സുഹൃത്തുക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജിഷ്ണുവിന്‍റെ അമ്മയോട് അരുൺ ഫോണിലൂടെ സംസാരിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് പറയുന്നു. ബുധനാഴ്ച രാത്രി വൈകി പിറവത്തെ ബാറിലിരുന്നാണ് ജിഷ്ണു അരുണിനെ ഫോണിൽ വിളിച്ചത്. ആ സമയത്ത് അരുണും മറ്റ് രണ്ട് സുഹൃത്തുക്കളും പിറവം ടൗണിൽ പള്ളിക്കവല ഭാഗത്തുണ്ടായിരുന്നു. ബാറിൽ നിന്ന് പള്ളിക്കവലയിലേക്ക് വരുന്ന വഴിയാണ് ജിഷ്ണു പെട്രോൾ വാങ്ങിയിരുന്നതെന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തുടർന്ന് പള്ളിക്കവലയിലെത്തിയ സംഘം സ്നേഹഭവൻ റോഡിലേക്ക് നീങ്ങുകയും, അവിടെവച്ച് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അമ്മയെ വിളിച്ച് അനാവശ്യമായി സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു ജിഷ്ണു അരുണിനെ ചോദ്യം ചെയ്തത്.

ഇതിനിടയിൽ ‘കത്തിക്കെടാ’ എന്ന് ആക്രോഷിച്ചുകൊണ്ട് ജിഷ്ണു കുപ്പി തുറന്ന് അരുണിന്‍റെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗീവർഗീസ് പൊലിസിന് മൊഴി നൽകി.

അരുണിന്‍റെ ഷർട്ട് നനഞ്ഞ് പെട്രോൾ താഴേക്ക് ഒഴുകി. ഇതിനിടയിൽ ജിഷ്ണു പലപ്രാവശ്യം ലൈറ്റർ കത്തിക്കുകയും ഓഫാക്കുകയും ചെയ്തുവെങ്കിലും ദേഹത്തേക്ക് ഇടുമെന്ന് ആരും കരുതിയില്ല. പെട്ടെന്ന് തീ ആളിക്കത്തിയതോടെ ചുറ്റുമുണ്ടായിരുന്നവർ ചേർന്ന് അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഗീവർഗീസും പ്രഫുല്ലും ചേർന്നാണ് ഉടൻതന്നെ ആംബുലൻസ് വിളിച്ച് അരുണിനെയും ജിഷ്ണുവിനെയും ആശുപത്രിയിലെത്തിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button