Uncategorized

ലവ് ജിഹാദ്’ ആരോപണം: ഉത്തർപ്രദേശിൽ സ്കൂൾ അധ്യാപകനെ വെടിവെച്ചുകൊന്നു

ബിജ്നോർ (ഉത്തർപ്രദേശ്): ബിജ്നോർ ജില്ലയിൽ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനെ വെടിവെച്ചുകൊന്നു.

അധ്യാപകൻ ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം. പുരുഷോത്തംപൂർ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ അധ്യാപകനായ നൗഷാദ് അഹമ്മദ് (43) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഗൗരവ് ചൗധരി (32) പൊലീസിൽ കീഴടങ്ങി.

ചൊവ്വാഴ്ച‌ വൈകുന്നേരം സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിക്കായിരുന്നു ആക്രമണം. വഴിയിൽ കാത്തുനിന്ന അക്രമി, നൗഷാദ് അഹമ്മദ് എത്തിയ ഉടൻ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ കടന്നുകളഞ്ഞു. നൗഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നജിബാബാദ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഗൗരവ് ചൗധരി കീഴടങ്ങിയത്. കൃത്യത്തിന് ഉപയോഗിച്ച തോക്കും ഇയാൾ പൊലീസിന് കൈമാറി. കൊല്ലപ്പെട്ട അധ്യാപകൻ പ്രദേശത്ത് ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് കൊലപാതകം നടത്തിയതിന് കാരണമായി ഗൗരവ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ, സംഭവത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പൊലീസ് പറയുന്നത് ഇങ്ങനെ; പ്രതി ഗൗരവിന്റെ കുടുംബത്തിന് പ്രദേശത്തെ ഒരു ദലിത് കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ കുടുംബത്തിലെ പെൺകുട്ടി പ്രദേശവാസിയായ ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്നു. വിവരം ഇരു കുടുംബങ്ങളെയും ഗൗരവ് അറിയിക്കുകയും ചെയ്‌തു. തുടർന്ന് കുടുംബാംഗങ്ങൾ ‘പ്രണയജോഡികളെ’ മർദിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇക്കാര്യം യുവാവ്, അധ്യാപകനായ നൗഷാദ് അഹമ്മദിനോട് പറഞ്ഞു. കൊലപാതകം നടക്കുന്നതിന് നാല് ദിവസം മുൻപ് നൗഷാദ്, അങ്ങാടിയിൽ വെച്ച് ഗൗരവിനെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു‌. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിയത്.

അതേസമയം ‘ലവ് ജിഹാദ്’ ആരോപണം കൊലപാതകത്തെ മറയാക്കാൻ ഉപയോഗിക്കുന്നതാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button