Uncategorized

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോമറിന്റെ ഫ്യൂസ് ഊരിയ സംഭവം; പ്രതി കേരളം വിട്ടതായി പൊലീസ്

പറവൂർ: കൈതാരം നോർത്തിൽ ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കൈതാരം സ്വദേശിയായ ഇയാൾ നിലവിൽ ഒളിവിലാണെന്നും കേരളം വിട്ടതായും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് ഫ്യൂസ് ഊരിയ വ്യക്തിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾ ഫ്യൂസ് ഊരുന്നത് സമീപവാസിയായ സ്ത്രീ നേരിൽ കണ്ടിരുന്നു. പ്രതിയുടെ വീട്ടിലെത്തിയ പൊലീസ് ഇയാളെ പിടികൂടാൻ കഴിയാതെ മടങ്ങി. പൊലീസ് എത്തിയപ്പോൾ വീടിന്റെ പിൻവാതിലിലൂടെ ഇയാൾ രക്ഷപ്പെട്ടതായാണ് വിവരം.

കഴിഞ്ഞ മാസമാണ് കൈതാരം നോർത്ത് ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയത്. കെഎസ്ഇബി ഏഴിക്കര സെക്ഷൻ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പറവൂർ സെക്ഷനിലെ പെരുമ്പടന്ന എട്ടിയോടത്തും ഏഴിക്കര സെക്ഷനിലെ ചാക്കാത്തറ, ആവുട്ടി ഭാഗങ്ങളിലുമുള്ള ട്രാൻസ്ഫോമറുകളിൽനിന്ന് ഫ്യൂസ് ഊരിയ സംഭവങ്ങളും നേരത്തെയുണ്ടായിരുന്നു. അജ്ഞാതർ ഫ്യൂസ് ഊരിയതിനെ തുടർന്ന് മേഖലകളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയിരുന്നു.

കൈതാരം സ്വദേശിക്ക് കോൺഗ്രസ് ബന്ധമുണ്ടെന്ന് സിപിഎം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വൈദ്യുതി മുടക്കാൻ ശ്രമിക്കുന്നത് സിപിഎമ്മാണെന്ന തരത്തിൽ കോൺഗ്രസ് നടത്തിയ പ്രചാരണം ഇതോടെ പൊളിഞ്ഞതായി സിപിഎം ഏരിയ സെക്രട്ടറി ടി വി നിഥിൻ പറഞ്ഞു. എന്നാൽ സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തിക്ക് കോൺഗ്രസുമായി ബന്ധമില്ലെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എംഎസ് റെജിയും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button