നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷം: സംവാദത്തിൽ ചോദ്യങ്ങൾക്ക് വിലക്ക്; വിദ്യാർത്ഥികളെ ഇറക്കിവിട്ടതായും പരാതി

കാലപേട്ട്: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടതായി പരാതി. ‘Know Your P M’ എന്ന പേരില്‍ പോണ്ടിച്ചേരി സര്‍വകലാശാല ക്യാമ്പസില്‍ സംഘടിപ്പിച്ച പരിപാടിക്കിടയിലാണ് സംഭവം. പരിപാടിയ്ക്കിടെ വിദ്യാര്‍ത്ഥിയുടെ ചോദ്യം തടഞ്ഞതായാണ് ആരോപണം.
ലഫ്റ്റനന്റ് ഗവര്‍ണര്‍ കെ കൈലാഷ്നാഥനും സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ പി പ്രകാശ് ബാബുവും വേദിയിലിരിക്കെ സംവാദ പരിപാടിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കൈ ഉയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കുകയും മൈക്ക് ഓഫാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെ സര്‍വകലാശാല അധികൃതര്‍ തടഞ്ഞു വയ്ക്കുകയും വേദിയില്‍നിന്ന് പുറത്താക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റി എസ്എഫ്ഐ ജോയിന്റ് സെക്രട്ടറി അരുന്ധതി വിദ്യാര്‍ത്ഥി പ്രതിനിധിയായി ചോദ്യം ഉന്നയിക്കാന്‍ എഴുന്നേറ്റപ്പോഴാണ് സംഭവം. ചോദ്യങ്ങള്‍ ചോദിക്കാനുള്ള ജനാധിപത്യപരമായ അവകാശങ്ങള്‍ നിഷേധിച്ചുവെന്ന് ആരോപിച്ച് സര്‍വ്വകലാശാലയില്‍ എസ്എഫ്ഐ പ്രതിഷേധിച്ചു.




