Uncategorized

രണ്ടുകിലോ സ്വർണം, നാല് ആഡംബര ഫ്ളാറ്റുകൾ; സർക്കാർ എൻജിനീയർക്ക് 150 കോടിയുടെ സ്വത്ത്; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പിടിയിൽ

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തെലങ്കാനയിലെ സർക്കാർ എൻജീനിയർ അറസ്റ്റിൽ. പുനരുപയോ​ഗ ഊർജ വികസന കോർപ്പറേഷനിലെ ഡിവിഷണൽ എൻജിനീയറായ മുത്യം വെങ്കട്ടരമണയെയാണ് തെലങ്കാനയിലെ അഴിമതി വിരുദ്ധ ബ്യൂറോ(എസിബി) പിടികൂടിയത്. ഇയാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 150 കോടിയോളം രൂപ വിലവരുത്ത് സ്വത്തുക്കളും കണ്ടെത്തി. ഇതിൽ നാല് ഫ്ളാറ്റുകളും രണ്ടുകിലോ സ്വർണവും ബാങ്ക് നിക്ഷേപങ്ങളും ഉൾപ്പെടെയുണ്ടെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.വെങ്കട്ടരമണയുടെ ഹൈദരാബാ​ദിലെ വീട്ടിലും ഇയാളുമായി ബന്ധപ്പെട്ട മറ്റ് ഏഴിടങ്ങളിലുമാണ് കഴിഞ്ഞദിവസം എസിബി ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയത്. വെങ്കട്ടരമണയുടെ ബന്ധുക്കളുടെ വീടുകളിലും പരിശോധനകളുണ്ടായി. മണിക്കൂറുകളോളം നീണ്ടുനിന്ന പരിശോധനയിൽ നാലുകോടിയോളം രൂപ വിലമതിക്കുന്ന രണ്ട് കിലോ സ്വർണവും പണവും ഉൾപ്പെടെ അധികൃതർ കണ്ടെടുത്തു. ഇതിനുപുറമേ തെലങ്കാനയിലെ നാലിടങ്ങളിലായി സ്വന്തമാക്കിയ ആഡംബര ഫ്ളാറ്റുകളുടെ വിവരങ്ങളും കണ്ടെത്തി. ഫ്ളാറ്റുകൾക്ക് മാത്രം എട്ടുകോടിയോളം രൂപ മൂല്യമുണ്ട്.

വെങ്കട്ടരമണയുടെ 52 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപങ്ങൾ, മൂന്ന് കാറുകൾ, 30 ലക്ഷത്തോളം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ, 20 കുപ്പി മുന്തിയ ഇനം വിദേശമദ്യം എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഭാര്യയുടെ പേരിൽ പ്രതി റിയൽ എസ്റ്റേറ്റ്- കെട്ടിട നിർമാണ മേഖലയിൽ വൻ നിക്ഷേപം നടത്തിയതിന്റെയും നാല് കെട്ടിട നിർമാണ കമ്പനികൾ നടത്തിവരുന്നതിന്റെയും രേഖകളും ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഈ കമ്പനികളിലൂടെ പ്രതി പത്ത് ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമിച്ചതായും എല്ലാ സ്വത്തിനും കൂടി ആകെ 150 കോടിയോളം രൂപ മൂല്യമുണ്ടാകുമെന്നും എസിബി ഉദ്യോ​ഗസ്ഥർ പറഞ്ഞു.സർവീസിലിരിക്കെ 2019-ൽ വെങ്കട്ടരമണ ഒരു കൈക്കൂലി കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അന്ന് പിടിവീണത്. തുടർന്ന് നടത്തിയ പരിശോധനയിൽ 26.52 ലക്ഷം രൂപ പണമായും 22.60 ലക്ഷം രൂപയുടെ സ്വർണവും പ്രതിയിൽനിന്ന് പിടിച്ചെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button