Uncategorized

സൗദിയിലേക്ക് വീണ്ടും ഹൂതി ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലേക്ക് ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഒരു മരണം. രണ്ട് പേർക്ക് പരിക്കേറ്റു. ത്വാഇഫിലാണ് സംഭവം. ഹൂതി ഡ്രോൺ അവശിഷ്‌ടങ്ങൾ പതിച്ച് യമൻ സ്വദേശിയാണ് മരിച്ചത്. ത്വാഇഫ് ഗവർണറേറ്റിലേക്ക് ഹൂതി വിമതർ വിക്ഷേപിച്ച ഡ്രോൺ സൗദി സേന തടഞ്ഞ് തകർത്തതിനെ തുടർന്ന് അവശിഷ്‌ടങ്ങൾ പതിച്ചാണ് യമൻ സ്വദേശി മരണപ്പെട്ടത്. സൗദി സ്വദേശിനിക്കും പാകിസ്താൻ സ്വദേശിക്കും പരിക്കേറ്റു. പാകിസ്‌താൻ സ്വദേശിയുടെ നില ഗുരുതരമാണെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് സിവിലിയൻ കെട്ടിടങ്ങളിലും വാഹനങ്ങളിലും നാശനഷ്ടമുണ്ടായിട്ടുണ്ട്. സംഭവത്തെ തുടർന്ന് അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ സിവിൽ ഡിഫൻസ് സ്വീകരിച്ചതായും ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

അതിനിടെ, യമനിൽ സർക്കാർ സഖ്യ സേനയും ഹൂതികളും തമ്മിൽ കടുത്ത പോരാട്ടം തുടരുകയാണ്. ബാബ് അൽ മന്ദബിന്റെ സമീപത്തുള്ള പല പ്രദേശങ്ങളിലും ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ മുന്നേറ്റം തുടരുന്നതായാണ് റിപ്പോർട്ട്. തന്ത്രപ്രധാനമായ കഹ്ബൂബ് കഹ്ബൂബ് മലനിരകളും തായിസും ഉൾപ്പെടെ വിവിധ മുന്നണികളിൽ ഹൂതി മുന്നേറ്റം തടയാൻ യമൻ സർക്കാർ സേന നീക്കം നടത്തുന്നുണ്ട്. തായിസ് നഗരത്തിന് സമീപമുള്ള മേഖലകളിൽ സഖ്യ സേനയുടെ വ്യോമാക്രമണവും തുടരുന്നുണ്ട്. അതിനിടെ, അമേരിക്കൻ പ്രതിനിധികളും ഹൂതികളും തമ്മിൽ ചർച്ച നടത്തിയതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ബാബ് അൽ മന്ദബിൽ അമേരിക്കയുടേത് ഉൾപ്പെടെ വാണിജ്യ കപ്പലുകളെ ആക്രമിക്കില്ലെന്ന് ഹൂതികൾ ഉറപ്പുനൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button